റഫാല്‍ നിര്‍മിക്കാന്‍ ടാറ്റ; റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇനി രാജ്യത്ത് നിര്‍മിക്കും

0
30

ഡൽഹി:മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റഫാൽ യുദ്ധവിമാനങ്ങളുടെ ഫ്യൂസ്‌ലേജ് (വിമാന ബോഡി) ഇനി ഇന്ത്യയിൽ തന്നെ നിർമ്മിക്കും. ഫ്രാൻസിലെ ഡസ്സോൾട്ട് ഏവിയേഷനും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും തമ്മിൽ നാല് ഉൽപാദന കൈമാറ്റ കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. ഫ്രാൻസിന് പുറത്ത് ആദ്യമായാണ് റഫാൽ വിമാനങ്ങളുടെ ഫ്യൂസ്‌ലേജ് നിർമ്മാണം അനുവദിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ സ്വാശ്രയ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം. വിമാനത്തിന്‍റെ ബോഡിയെയാണ് ഫ്യൂസ്ലേജ് എന്ന് പറയുന്നത്.

ഈ പ്രോജക്റ്റിന്റെ ഭാഗമായി, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ഹൈദരാബാദിൽ ഒരു പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും. ഇവിടെ റഫാൽ വിമാനത്തിന്റെ പിൻ ഫ്യൂസ്‌ലേജ്, ലാറ്ററൽ ഷെല്ലുകൾ, മധ്യഭാഗം, മുൻഭാഗം തുടങ്ങിയ നിർണായക ഘടകങ്ങൾ നിർമ്മിക്കും. 2028 സാമ്പത്തിക വർഷത്തോടെ ആദ്യ ഫ്യൂസ്ലേജ് വിഭാഗങ്ങൾ പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൂടാതെ പ്രതിമാസം രണ്ട് പൂർണ്ണ ഫ്യൂസ്ലേജുകൾ വരെ വിതരണം ചെയ്യുന്നതിനായി ഉൽപ്പാദനം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.