മനുഷ്യജീവിന് ഭീഷണിയായ തെരുവുനായ്ക്കളെ കൊല്ലാനുള്ള അനുമതി കേന്ദ്രം നൽകണം; മന്ത്രി എം.ബി. രാജേഷ്.

0
231

തിരുവനതപുരം :മനുഷ്യജീവന് ഭീഷണിയാകുന്ന ആക്രമണകാരി തെരുവുനായ്ക്കളെ കൊല്ലാനുള്ള അനുമതി കേന്ദ്രസർക്കാർ നൽകണമെന്ന് മന്ത്രി എം.ബി. രാജേഷ് ആവശ്യപ്പെട്ടു. തെരുവുനായ പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാകണമെങ്കിൽ, അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങളിൽ കേന്ദ്രം കാര്യമായ ഇളവുകൾ വരുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ മനോഭാവമാറ്റവും മാലിന്യ മാനേജ്മെന്റ് വ്യവസ്ഥകളുടെ മെച്ചപ്പെടുത്തലും ഈ പ്രശ്നത്തിന് സുസ്ഥിരമായ പരിഹാരം കണ്ടെത്താൻ അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിൽ ഷെൽട്ടർ ഹോം മാത്രമുപയോഗിച്ച് തെരുവുനായ സംഖ്യ നിയന്ത്രണം എന്നത് പ്രായോഗികമല്ലെന്ന് മന്ത്രി വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ, ആക്രമണശീലമുള്ള നായ്ക്കളെ മനുഷ്യാരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി ശാസ്ത്രീയമായി ഒഴിവാക്കാനുള്ള വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2017 മുതൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിൽ തെരുവുനായ നിയന്ത്രണപദ്ധതി നടപ്പാക്കിയിരുന്നു. 800-ലധികം എബിസി കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നെങ്കിലും, അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം ഇല്ലാത്തതിനാൽ ഹൈക്കോടതി ഈ പ്രവർത്തനങ്ങൾ നിരോധിച്ചു. ഇത് മൂലം കുടുംബശ്രീയുടെ എബിസി പ്രവർത്തനങ്ങൾ തുടരാൻ കഴിഞ്ഞില്ല. ഈ തടസ്സം നീക്കം ചെയ്യുന്നതിനായി കേന്ദ്ര നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രി എടുത്തുപറഞ്ഞു.