ആലപ്പുഴ:ആലപ്പുഴയിൽ വയോധികൻ പേവിഷ ബാധയേറ്റ് മരിച്ചു. ചെങ്ങന്നൂർ തിരുവൻവണ്ടൂർ പഞ്ചായത്ത് 5-ാം വാർഡ് ശങ്കരമംഗലം വീട്ടിൽ ഗോപിനാഥൻ നായർ (66)ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനടുത്ത് കപ്പലണ്ടിക്കച്ചവടം നടത്തുകയായിരുന്നു ഗോപിനാഥൻ നായർ.
രണ്ടാഴ്ച മുൻപാണ് ഗോപിനാഥൻ നായരെ നായ മാന്തിയത്. സൈക്കളിൽ വീട്ടിലേക്ക് വരുന്ന വഴി പിന്നാലെ ഓടിയെത്തിയ നായ മാന്തുകയായിരുന്നു. എന്നാൽ ഇക്കാര്യം ഗോപിനാഥൻ നായർ ആരോടു പറഞ്ഞിരുന്നില്ല. പിന്നീട് പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ചികിത്സ തേടിയെങ്കിലും പേവിഷ ബാധകണ്ടെത്തിയിരുന്നില്ല.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നടത്തിയ പരിശോധനയിൽ പേവിഷ ബാധ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.






























