കുവൈത്തും പാകിസ്ഥാനും ഉഭയകക്ഷി ബന്ധവും പ്രാദേശിക സ്ഥിരതയും ചർച്ച ചെയ്തു

0
10

കുവൈറ്റ് സിറ്റി : ഔദ്യോഗിക സന്ദർശനത്തിനായി ഇസ്ലാമാബാദിലെത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബിർ അൽ-അഹ്മദ് അൽ-സബാഹ്, പാകിസ്ഥാന്റെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി കൂടിക്കാഴ്ച നടത്തി.

കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, കുവൈത്തും പാകിസ്ഥാനും തമ്മിലുള്ള ദീർഘകാല ചരിത്രപരമായ സൗഹൃദബന്ധം ഇരുവരും വിലയിരുത്തുകയും വിവിധ മേഖലകളിൽ സഹകരണം കൂടുതൽ വിപുലീകരിക്കാനുള്ള പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.

ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി എല്ലാ തലങ്ങളിലും ഏകോപനവും കൂടിയാലോചനയും ശക്തമാക്കേണ്ടതിന്റെ ആവശ്യകത മന്ത്രിമാർ ചർച്ചയിൽ ഊന്നിപ്പറഞ്ഞു.

പ്രാദേശിക സംഭവവികാസങ്ങളും മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു. പ്രാദേശിക സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിൽ പാകിസ്ഥാൻ വഹിക്കുന്ന സജീവ നയതന്ത്ര പങ്കിന് ഷെയ്ഖ് ജറാ കുവൈത്തിന്റെ അഭിനന്ദനം അറിയിച്ചു.