പ്രതിരോധ മന്ത്രിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട്; ജാഗ്രതാ നിർദേശവുമായി കുവൈത്ത് പ്രതിരോധ മന്ത്രാലയം

0
8

കുവൈറ്റ് സിറ്റി : കുവൈത്ത് പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ-സലേം അൽ- സബാഹിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അക്കൗണ്ട് വ്യാജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

പ്രതിരോധ മന്ത്രിക്ക് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലും ഔദ്യോഗിക അക്കൗണ്ടുകളില്ലെന്നും പ്രചരിക്കുന്ന അക്കൗണ്ട് അദ്ദേഹത്തിന്റേതല്ലെന്നും അതിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കം മന്ത്രിയുടെ അഭിപ്രായങ്ങളെയോ നിലപാടുകളെയോ പ്രതിനിധീകരിക്കുന്നതല്ലെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ-അത്‌വാൻ അറിയിച്ചു.

കൃത്യമായ വിവരങ്ങൾക്കായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ മാത്രം ആശ്രയിക്കണമെന്നും, സ്ഥിരീകരിക്കാത്തതോ അനൗദ്യോഗികമോ ആയ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വരുന്ന വിവരങ്ങൾ വിശ്വസിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും അൽ-അത്വാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രം വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു.