കുവൈത്തിലെ കൊടുംചൂടിനിടയിൽ ജീവനക്കാർക്ക് മാമ്പഴമധുരവുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ “മെട്രോ മാംഗോ ഫെസ്റ്റ്”

0
6

കുവൈറ്റ് സിറ്റി : കുവൈത്തിലെ വേനൽച്ചൂടും ആരോഗ്യപരിപാലന മേഖലയിലെ നിരന്തരമായ ജോലിത്തിരക്കുകളും മറികടന്ന് ജീവനക്കാർക്കായി സന്തോഷത്തിന്റെ വേറിട്ടൊരു അവസരം ഒരുക്കി കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ്. ഗ്രൂപ്പിന്റെ വിവിധ ശാഖകളിലായി ജീവനക്കാർക്കായി പ്രത്യേക മാംഗോ ഫെസ്റ്റ് സംഘടിപ്പിച്ചു.

ദിവസേന രോഗികളുടെ പരിചരണത്തിലും ആശുപത്രിയിലെ തിരക്കേറിയ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് ജോലിസമ്മർദ്ദങ്ങളിൽ നിന്ന് അൽപനേരം മാറിനിൽക്കാനും സഹപ്രവർത്തകരോടൊപ്പം സന്തോഷം പങ്കിടാനും അവസരമൊരുക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

പ്രവാസി മലയാളികളുടെ ജീവിതത്തിൽ മാമ്പഴത്തിന് പ്രത്യേകമായൊരു വൈകാരിക സ്ഥാനമുണ്ട്. നാട്ടിലെ വേനലവധിയും കുടുംബവും ബാല്യകാല ഓർമ്മകളും ഓർമ്മിപ്പിക്കുന്ന മാമ്പഴത്തിന്റെ രുചി, കുവൈത്തിൽ കഴിയുന്ന നിരവധി ജീവനക്കാർക്ക് സ്വന്തം നാടിന്റെ ഓർമ്മകളിലേക്കുള്ള മധുരയാത്രയായി.

കഴിഞ്ഞ വർഷങ്ങളിലെന്നപോലെ ഇത്തവണയും വിവിധ രാജ്യങ്ങളിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത വൈവിധ്യമാർന്ന മാമ്പഴങ്ങളാണ് മാംഗോ ഫെസ്റ്റിനായി എത്തിച്ചത്. വ്യത്യസ്ത ഇനങ്ങളിലെയും രുചികളിലെയും മാമ്പഴങ്ങൾ ജീവനക്കാർക്ക് ആസ്വദിക്കാനൊരുക്കിയതോടെ ആഘോഷത്തിന് കൂടുതൽ നിറവും മധുരവും പകർന്നു.

ജീവനക്കാരുടെ ക്ഷേമത്തിനും സന്തോഷത്തിനും പ്രാധാന്യം നൽകുന്ന സ്ഥാപന സംസ്കാരത്തിന്റെ ഭാഗമായാണ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. രോഗികളുടെ പരിചരണത്തിൽ ദിവസവും ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ജീവനക്കാരുടെ പരിശ്രമങ്ങളെ അംഗീകരിക്കുന്നതിനൊപ്പം, ജോലിസ്ഥലത്ത് സൗഹൃദവും കൂട്ടായ്മയും സന്തോഷവും വളർത്തുക എന്നതും ഇത്തരം പരിപാടികളുടെ ലക്ഷ്യമാണെന്ന് മെട്രോ മാനേജ്മെന്റ് അറിയിച്ചു.

തങ്ങളുടെ ജീവനക്കാരാണ് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ശക്തിയെന്നും രോഗികൾക്കായി അവർ ദിവസവും നൽകുന്ന സമർപ്പിത സേവനത്തെ ഞങ്ങൾ ഏറെ വിലമതിക്കുന്നുവെന്നും ജീവനക്കാരുടെ ക്ഷേമം പ്രൊഫഷണൽ വളർച്ചയിൽ മാത്രം ഒതുങ്ങുന്നതല്ല, സന്തോഷകരവും സൗഹൃദപരവുമായ ഒരു ജോലിസ്ഥലം സൃഷ്ടിക്കുന്നതും അതിന്റെ ഭാഗമാണെന്നും മെട്രോ മാനേജ്മെന്റ് വ്യക്തമാക്കി.

വിവിധ ശാഖകളിലായി നടന്ന മാംഗോ ഫെസ്റ്റ് ജീവനക്കാരുടെ സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. കുവൈത്തിലെ തിരക്കേറിയ പ്രവാസജീവിതത്തിനിടയിൽ, സ്വന്തം നാടിന്റെ ഓർമ്മകളും സഹപ്രവർത്തകരുമായുള്ള സൗഹൃദവും പങ്കുവെക്കാനുള്ള അവസരമായി പരിപാടി മാറി.കുവൈത്തിലെ ചൂടിനിടയിൽ മാമ്പഴത്തിന്റെ മധുരം പങ്കുവെച്ച മെട്രോയുടെ മാംഗോ ഫെസ്റ്റ്, ജീവനക്കാരോടുള്ള മാനേജ്മെന്റിന്റെ കരുതലിന്റെയും അംഗീകാരത്തിന്റെയും പ്രതീകമായി മാറി.