കുവൈറ്റ് സിറ്റി : ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ വോട്ടർ സർവീസ് വെബ്‌സൈറ്റ് (https://voters.eci.gov.in/) നിലവിൽ പല വിദേശ രാജ്യങ്ങളിൽ നിന്നും തുറക്കാൻ സാധിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുക്കുന്ന സാഹചര്യത്തിൽ പ്രശ്നം ഉടൻ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ കുവൈത്ത് തെരെഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
എസ്‌ഐആർ പ്രക്രിയ
പുരോഗമിക്കുന്നതിനാൽ നിരവധി ഇന്ത്യൻ പ്രവാസികൾ അവരുടെയും കുടുംബാംഗങ്ങളുടെയും വിവരങ്ങൾ പതിവായി പോർട്ടലിൽ
പരിശോധിക്കുന്നുണ്ട്. കൂടാതെ, ധാരാളം പ്രവാസികൾ ഫോം 6A സമർപ്പിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ശ്രമിക്കുന്നു.
നിർഭാഗ്യവശാൽ, വിദേശത്ത് നിന്ന് വെബ്‌സൈറ്റ് തുറക്കാൻ സാധിക്കാത്തതിനാൽ ഈ അവശ്യ പ്രക്രിയകൾ പൂർത്തിയാക്കുന്നതിൽ പ്രവാസികൾക്ക് കാര്യമായ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഇത് വിദേശത്ത് താമസിക്കുന്ന പ്രവാസികളിൽ വലിയ ആശങ്ക
സൃഷ്ടിച്ചിട്ടുണ്ട്.
ഈ വിഷയം മുൻഗണനാടിസ്ഥാനത്തിൽ പരിശോധിച്ച് പ്രശ്നം എത്രയും വേഗം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങൾ പ്രവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വിദേശത്ത് ജനിച്ച പ്രവാസികൾ വോട്ടർ പട്ടികയിൽ പേര് ചേർക്കുമ്പോൾ ജനനസ്ഥലം തെരെഞ്ഞെടുക്കുമ്പോൾ അതത് രാജ്യങ്ങളുടെ പേര് കൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടും നേരത്തെ തെരെഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.

































