പ്രവാസി ക്വാട്ട ബിൽ ; ആശങ്ക വേണ്ടെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി

ഡൽഹി: പ്രവാസി ക്വട്ട ബില്ലുമായി ബന്ധപ്പെട്ട് പ്രവാസികള്ക്ക് ആശങ്ക വേണ്ടെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി മന്ത്രി ഷെയ്ഖ് അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാ. രാജ്യത്തെ അനധികൃത താമസക്കാരെ മാത്രം ലക്ഷ്യംവയ്ക്കുന്നതാണെന്ന് ബില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുവൈറ്റിൽ 170ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുണ്ട്. അവരെയാരെയും ലക്ഷ്യംവയ്ക്കുന്നതല്ല കഴിഞ്ഞ വർഷം ചർച്ച ചെയ്ത പ്രവാസി ക്വാട്ട ബിൽ മറിച്ച് രാജ്യത്തെ അൻധികൃത കടന്നുകയറ്റക്കാർക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. എട്ട് ലക്ഷത്തോളം പ്രവാസികൾ മടങ്ങാൻ നിർബന്ധിതരാകുന്ന പ്രവാസി ക്വാട്ട ബില്ലിനാണ് കുവൈത്ത് അംഗീകാരം നൽകിയത്.

കരട് ബിൽ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ മുപ്പത് ശതമാനം പ്രവാസികളെ മാത്രമേ രാജ്യത്ത് അനുവദിക്കൂ നിലവിലത് എഴുപ്ത് ശതമാനമാണ്. സമഗ്രമായ പദ്ധതി തയ്യാറാക്കാൻ അതാത് കമ്മിറ്റികൾക്ക് ബില്ല് കൈമാറിയിരിക്കുകയാണ്. രാജ്യത്തെ പ്രവാസികളുടെ ജനസംഖ്യയ്ക്ക് ക്വാട്ട നിശ്ചയിക്കുന്ന പുതിയ നിയമമാണ് പ്രവാസി ക്വാട്ട ബിൽ.

43 ലക്ഷമാണ് രാജ്യത്തെ ആകെ ജനസംഖ്യ. ഇതിൽ 30 ലക്ഷം പേരും വിദേശികളാണ്. രാജ്യത്തുള്ള സ്വദേശികളുടെ ആകെ എണ്ണം 14 ലക്ഷമാണെങ്കിൽ, 9 ലക്ഷം ഇന്ത്യക്കാരാണ് അവിടെ താമസിക്കുന്നത്. ഇത് 2 ലക്ഷമാക്കാനായിരുന്നു ബില്ലിലെ ആദ്യ നിർദേശം. അതായത് ഇന്ത്യക്കാരായ പ്രവാസികളെ കുവൈത്ത് ജനസംഖയുടെ 15 ശതമാനമാക്കുമെന്ന്. കഴിഞ്ഞ വർഷം തന്നെ ബില്ല് സംബന്ധിച്ച് ഇന്ത്യ ആശങ്ക രേിഖപ്പെടുത്തിയിരുന്നു. എന്നാൽ ബില്ലിലെ നിർദേശങ്ങളിൽ മാറ്റം വരുത്തിയതായാണ് പിന്നീട് വന്ന സൂചന. അതേസമയം കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യൻ സന്ദർശനത്തിനെ വലിയ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം ഉറ്റുനോക്കുന്നത്. അവധിക്ക് നാട്ടില്‍ വന്ന് തിരിച്ചു പോകാന്‍ സാധിക്കാത്ത പ്രവാസികളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രി സ്. ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.