അകക്കണ്ണിൽ അവരെത്ര ഉയരത്തിലായിരിക്കും പറക്കുക : ഫാത്തിമ ബത്തൂൽ

എന്റെ കാഴ്ചയിലത്രയും ഇരുട്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നത് നാലു വർഷങ്ങൾക്കു മുമ്പ് എന്നിലേക്കെത്തിയെ ഒരു കുഞ്ഞിപ്പെണ്ണിൽ നിന്നാണ്. ജന്മനാ കാഴ്‌ചയില്ലാത്ത ഒരു 12 വയസ്സുകാരി. അന്നവളുടെ അകക്കണ്ണിന്റെ ആഴമറിഞ്ഞപ്പോൾ മാത്രമായിരുന്നു എന്റെ രണ്ടു കണ്ണുകൾക്ക് മുമ്പിൽ എത്ര വലിയ ഇരുട്ടിനെയാണ് ഞാൻ വലിച്ചു കെട്ടിവച്ചിരിക്കുന്നതെന്നു തിരിച്ചറിയുന്നത്.

പിന്നീട് രണ്ട് വർഷങ്ങൾക്ക് മുമ്പ് ഗ്രീൻപാലിയേറ്റീവ്, കോഴിക്കോട് കിഴുപറമ്പിനടുത്ത് പഴംപറമ്പിലുള്ള കണ്ണുകാണാത്തവരുടെ അഗതി മന്ദിരത്തിൽ നിന്നും കോഴിക്കോട് കടൽ കാണാൻ പോയ ‘കണ്ണോളം കടലോളം’മായിരുന്നു എന്നെ കാഴ്ചകൾക്കുള്ളിലെക്ക് നടത്തിയത്.
അന്ന് നാണുവേട്ടന്റെ ‘ഇത്തിൾകണ്ണി’യായ ആ യാത്രയെ കുറിച്ച് എഴുതിയിരുന്നെങ്കിലും ജീവിതത്തിൽ നിന്നൊരിക്കലും മാഞ്ഞുപോവാത്ത ചില ഫ്രെയിമുകളുണ്ട് ആ യാത്രയുടെ അവശേഷിപ്പുകളിൽ.

കുറച്ചു ആഴ്ചകൾക്കു മുമ്പ് പ്രിയപെട്ടവരോടൊപ്പം പഴംപറമ്പിലേക്കെത്തിയപ്പോ രാധേച്ചി, എനിക്ക് നെല്ലിക്ക തന്നതും കടലിൽ കുളിച്ചപ്പോ തലയിൽ മണലായത് കണ്ടു ‘ന്റെ വീടിന് മുന്നിൽ പുഴയാണ് രാധേച്ചി.. നമ്മക് അവിടുന്ന് കുളിച്ചിട്ടൊക്കെ തിരിച്ചു പോവാം ‘ എന്ന് ഞാൻ അന്ന് പറഞ്ഞതൊക്കെ ഓർത്തെടുത്തപ്പോൾ വീണ്ടും ഞാൻ എന്നെ തന്നെയാണ് തിരിഞ്ഞു നോക്കിയത്.

മുറിവുകളിലും വേദനകളിലും മാത്രം ഉരുകി തീരാൻ തീരുമാനിച്ച നമുക്കെന്നാണ് ഇത്ര നിഷ്കളങ്കമായി ജീവിതത്തിലെ ഭംഗിയുള്ള ഓർമകളെ കുറിച്ചിങ്ങനെ സംസാരിച്ചിരിക്കാനാവുക..? ഇല്ലായ്മപാട്ടുകൾ പാടാതെ ജീവിതത്തിന്റെ നിറവിനെ കുറിച്ചിങ്ങനെ ഓർത്തുകൊണ്ടിരിക്കാനാവുക..? അന്നവിടുത്തെ വർത്തമാനങ്ങൾക്കിടയിൽ ഞാൻ പിന്നെയും പിന്നെയും ചെറുതായി കൊണ്ടിരുന്നു.
ഞാൻ പേറിയിരുന്ന ഭാരങ്ങളൊക്കെയും എത്ര വലിയ ശൂന്യതയായിരുനെന്നു അവരെനിക്ക് തിരുത്തിതന്നു.

അന്നവിടെ നിന്നിറങ്ങുമ്പോൾ അബൂക്ക Aboobacker Alachullyഅവരുടെ ആകാശയാത്ര എന്ന സ്വപ്നത്തിന്റെ ഒരു സൂചന തന്നിരുന്നു. പിന്നീടെല്ലാം പെട്ടന്നനായിരുന്നു.
അവിടുത്തെ 21പേരും ഗ്രീൻ പാലിയേറ്റീവിന്റെ ഒമ്പത് വോളന്റീർസും ചേർന്നൊരു വിമാനയാത്രയുടെ ഒരുക്കങ്ങൾ അറിഞ്ഞപ്പോ മുതൽ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.
അകക്കണ്ണിൽ അവരെത്ര ഉയരത്തിലായിരിക്കും പറക്കുക? മേഘങ്ങളോട് അവർക്ക് എന്തായിരിക്കും പറയാനുണ്ടാവുക..?
യാത്രയിൽ അവർക്കൊപ്പം ഇല്ലെന്നുറപ്പിച്ചത് കൊണ്ട് ഞാൻ ആകാംക്ഷ കൊണ്ടവർക്കു മുമ്പേ പറക്കാൻ തുടങ്ങിയിരുന്നു.

യാത്രയുടെ തലേദിവസം രാത്രി കണ്ണേട്ടനെയും ഫാസിലിനെയുമൊക്കെ വിളിച്ച് യാത്രയുടെ മുന്നൊരുക്കങ്ങളെ കുറിച്ച് ഞാൻ ചോദിച്ചറിയിന്നുണ്ടായിരുന്നു .
പക്ഷെ തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു കണ്ണൂരിലേക്കുള്ള ബസ് യാത്രക്കിടയിൽ ഞാനും കൂടെ കൂടുന്നത്.

രാവിലെ പത്തു മണിക്ക് എടവണ്ണപ്പാറയിൽ നിന്നും ഞങ്ങളൊരു കൂട്ടം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചിരുന്നു.
ഞാനും ന്റെ കുഞ്ഞനിയത്തി ആയിഷുവും, കണ്ണേട്ടനും (Jithesh Kannan), ഫാസിലും (Muhammad Fasil Vp), സന്ദീപ്‌ മാഷും, റാഫിയും( Rafi Arakkal), പള്ളയും( Riswan Hidaya), പീച്ചിയും.
വഴിയിൽ നിന്നും നജീബ്ക്കനെ കൂടെ (Najeeb Moodadi)കിട്ടിയപ്പോ ആ ഫ്രെയിം മുഴുവനായി.പിന്നെ പഴംപറമ്പിലെ ചന്ദ്രേട്ടനും, ഗോപാലേട്ടനും
ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.

കൃത്യം മൂന്ന് മണിക്ക് തന്നെ ഞങ്ങൾ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ Domestic Arrivalസിന്റെ മുമ്പിൽ പറന്നിറങ്ങുന്നവരെയും കാത്തുനിൽക്കാൻ തുടങ്ങി. കണ്ണൂരുകാരൻ തന്നെയായ Shamnazka (Shamnas Faz) ഞങ്ങളെക്കാൾ മുമ്പേ അവിടെ എത്തിയിരുന്നു.
12:30ന് പഴംപറമ്പിൽ നിന്നും പുറപ്പെടുകയും, 2:45ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പറക്കുകയും ചെയ്തവർ 3:10ന് തന്നെ പുറത്തേക്കിറങ്ങി.
അവരെ വരവേൽക്കാൻ നിന്ന ഞങ്ങളും ആവേശത്തിമിർപ്പിലായി.

‘ബത്തൂലില്ലേ.. ‘ എന്ന് ചോദിച്ചു രാധേച്ചി ജുമാനന്റെ കൈ പിടിച്ചു വന്നപ്പോ ‘ദാ ങ്ങളെ ഫത്തൂൽ.. ‘എന്നും പറഞ്ഞു കെട്ടിപിടിച്ചു ഞങ്ങൾ പൊട്ടിച്ചിരിച്ചു.
അല്ല രാധേച്ചി എങ്ങനുണ്ടായിരുന്നു പറന്നിട്ട്…???’

:’ഉയ്യോ… അടിപൊളി അല്ലേ.. നല്ല രസുണ്ടായിരുന്നു.. നീ എങ്ങനാ വന്നത്..? വേറെ വിമാനത്തിലാണോ..?’

:’ഏയ്.. ഞാൻ ഓട്ടോ വിളിച്ചു പോന്നതാ.. ങ്ങളൊക്കെ പറന്നു വരുമ്പോ നമ്മളിവിടെ ഇല്ലെങ്കിൽ പിന്നെങ്ങനാ..

:’ഹഹ.. വിമാനം പൊന്തിയപ്പോ ന്റെ ചെവിയടഞ്ഞു, പക്ഷേ മുകളിൽ എത്തിയപ്പോ തന്നെ തുറന്ന് ട്ടോ.. ‘
ഉഷേച്ചിയായിരുന്നു അത്.

അങ്ങനെയങ്ങനെ പറന്നതിന്റെ കിസ്സകൾ അവരോരുത്തരും പറഞ്ഞുകൊണ്ടേയിരുന്നു. ഉൾകാഴ്ചകൊണ്ടവർ തൊട്ട ആകാശത്തിന്റെ ഉയരം എന്റെ കാഴ്ചകൾക്കപ്പുറമായിരുന്നു. മേഘങ്ങൾക്കിടയിൽ നിന്നപ്പോഴും വിമാനം ടേക്ക് ഓഫ്‌ ചെയ്യുമ്പോളും, ലാൻഡ് ചെയ്യുമ്പോളുമൊക്കെ കാതോർത്തിരുന്ന് അവർ ഓരോ ശബ്‌ദവ്യത്യാസങ്ങളും ഉയരവും അളക്കുകയായിരുന്നു. സ്വപ്നസാക്ഷാത്കാരത്തിന്റെ തെളിച്ചം ഓരോ മുഖങ്ങളിലും നിറഞ്ഞു നിന്നു.

അവിടെ നിന്നും ഞങ്ങളൊരുമിച്ച് കേരളത്തിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ചായ മുഴുപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിലേക് യാത്ര തുടർന്നു. പരസ്പരം പരിചയപെടുത്തലും, പാട്ടും, മേളവുമൊക്കെയായി ഒരൊന്നൊന്നര യാത്ര.
ഏകദേശം നാലരയോടെ തന്നെ ഞങ്ങൾ മുഴുപ്പിലങ്ങാടേക്കെത്തി.
കടൽ തീരത്തൂടെ ബസ്
നീങ്ങുന്നതും, കടലിന്റെ ശബ്ദവും, കടൽകാഴ്ചകളുമൊക്കെ ബസിൽ ഇരുന്ന് തന്നെ അവരറിഞ്ഞു. കുറച്ചു ദൂരം ഞങ്ങളങ്ങനെ കടൽ തീരത്തൂടെ ബസിൽ യാത്ര ചെയ്തു.

ബസിൽ നിന്നിറങ്ങിയതും എല്ലാവരുടെ മുഖത്തും ആവേശത്തിര.
കടലിലേക്കിറങ്ങിയും, ഐസ്ക്രീം നുണഞ്ഞും, ശംഖ് പെറുക്കിയുമൊക്കെ ഞങ്ങൾ ബീച്ചിലൂടെ നടന്നു.

:’എനിക്ക് നനയണ്ടാട്ടോ.. ഞാനിവിടെ കരയിൽ നിന്നോളാ.. ‘ ജമീലാത്തക്ക് നനയാൻ മടിയാണെന്നു പറഞ്ഞു ഐസ്ക്രീം നുണഞ്ഞു തിരയുടെ ശബ്‌ദം കാതോർത്തു തീരത്ത് നിന്നു.

:’എനിക്ക് നനയണം ട്ടോ ‘

ഉഷേച്ചി എന്റെ കൈ പിടിച്ചു ചിരിച്ചു.
നനഞ്ഞിട്ടു തന്നെ ബാക്കി കാര്യമെന്ന് പറഞ്ഞു ഞങ്ങൾ കടലിലേക്കിറങ്ങി.
കഴിഞ്ഞ യാത്രയിൽ കടലുകാണാത്തതുകൊണ്ടു കടലെങ്ങിനെയാവുമെന്ന് ഓർത്തു ബസിലിരുന്നു ഉഷേച്ചി കരഞ്ഞതാണ് അന്നേരമെനിക്ക് ഓർമ്മ വന്നത്.

മണലിൽ മുഖം പൂഴ്ത്തി കിടന്ന ഇത്തിളുകളും, പിരിയൻ ശംഖുകളും ഒക്കെ പെറുക്കി ഞങ്ങൾ കുറേ ദൂരം നടന്നു.
ഞങ്ങളുടെ കൊറച്ചപ്പുറത്തു പീച്ചിയും നാണുവേട്ടനുമുണ്ടായിരുന്നു.

:’നാണുവേട്ടാ.. കൂ… നാണുവേട്ടോയ്.. ‘

ഞാൻ വിളിച്ചതും ‘അത് താറാവല്ലേ’ എന്നും ചോദിച്ചു എന്നെ കളിയാക്കി അവരടുത്തേക്ക് വന്നു.
രണ്ട് വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് യാത്രയിൽ വെച്ച് ബത്തൂലിന്റെ അർത്ഥം പറയാൻ പറഞ്ഞപ്പോ ബത്ത് എന്നാൽ അറബിയിൽ തറവാണെന്നു പറഞ്ഞതോർമ്മയിൽ വെച്ചാണ് നാണുവേട്ടൻ എന്നെ വീണ്ടും താറാവാക്കിയത്.

കയ്യിൽ പെറുക്കികൂട്ടിയ ഇത്തിളുകളും കൊണ്ട് ഞാനും ഉഷേച്ചിം ഷഹർത്തന്റേം ടീച്ചറമ്മയുടേം കൂടെ കൂടി. പെട്ടെന്ന് ഉഷേച്ചിക്കൊരു പാൽകാപ്പി കുടിക്കാൻ ആഗ്രഹം തോന്നിയപ്പൊ ഞങ്ങളെല്ലാവരും കൂടെ അവിടെയുള്ളൊരു ചായക്കടയിലേക്ക് കയറി. ബല്യ വർത്താനങ്ങളും ചെറിയ കടികളുമൊക്കെ കൂട്ടി ചായകുടി ജോറായി.

കൊറച്ചധികം ദൂരമിനിയും യാത്രചെയ്യേണ്ടതുള്ളതു കൊണ്ട് ഞങ്ങൾ അസ്തമയത്തിനു മുമ്പ് തന്നെ യാത്ര തിരിച്ചു.
പറന്നതിന്റെയും, കടലറിഞ്ഞതിന്റെയുമൊക്കെ വലിയ സന്തോഷത്തിലാണ് ഞങ്ങൾ മടങ്ങിയത്.
ബസിൽ ഡാൻസും, പാട്ടും, അനുഭവങ്ങൾ പറഞ്ഞും യാത്രയിലേക്ക് ചേർത്തു തുന്നാൻ പിന്നെയും കുറേ നല്ല മുഹൂർത്തങ്ങളുണ്ടായി.

ഷഹ്ദക്കയുടെ (Shahad Gazeeb) സുഹൃത്തിന്റെ കോഴിക്കോടുള്ള വീട്ടിലായിരുന്നു ഞങ്ങൾക്കുള്ള രാത്രി ഭക്ഷണം ഒരുക്കിയിരുന്നത്. ഏകദേശം ഒമ്പതരയോടെ ഞങ്ങൾ പൊക്കുന്നതെ അവരുടെ വീട്ടിലെത്തി.ഞങ്ങളെക്കാൾ മുമ്പ് കാക്കു (Raees Hidaya) അവിടെയെത്തിയിരുന്നു. നല്ല അടിപൊളി കോഴിക്കോടൻ വിഭവങ്ങളുമായൊരു കിടിലൻ ട്രീറ്റ്. ഖൽബ് നിറച്ചും ഭക്ഷണം കഴിച്ചാണ് ഞങ്ങളവിടുന്നിറങ്ങിയത്. അവിടെ നിന്നും നേരെ പഴംപറമ്പിലേക്ക്.

കുട്ടികാലത്തു പേപ്പറുകൊണ്ട് വിമാനം പറത്തിയപ്പോ എന്നെങ്കിലും വിമാനം കയറുന്നത് സ്വപ്നം കണ്ടതിനെക്കുറിച്ചും, കുടുംബങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിമാനയാത്രകൾ കേട്ടു മാത്രം പരിചയിച്ച ഞങ്ങൾക്കും പറക്കാനായല്ലോ എന്ന വലിയ സന്തോഷവും, ഉഞ്ഞാലാടിയപ്പോ തോന്നിയതു പോലൊരനുഭവം വിമാനം ഉയർന്നപ്പോൾ ഉണ്ടായതിനെക്കുറിച്ചുമൊക്കെ ഞങ്ങൾ സംസാരിച്ചുകൊണ്ടേയിരുന്നു.
അതേ ആകാശം തൊട്ടതും, കടലറിഞ്ഞതും അവരല്ല… ഞങ്ങളാണ്… !

യാത്രയുടെ ഒടുക്കങ്ങളിളൊക്കെയും തിരിഞ്ഞു നിന്നു നോക്കുമ്പോൾ കുറെയധികം ചിത്രങ്ങൾ ഓർമയിലേക്ക് ചേർത്തുതുന്നാറുണ്ട്. പക്ഷേ
കാഴ്ചകൾക്കപ്പുറത്തെ കാഴ്ചകളെ കാട്ടിത്തരുന്നവരുണ്ടാവുമ്പോൾ നമ്മുക്കെങ്ങിനെയാണ് ഇനിയും കണ്ണടച്ച് ഇരുട്ടാക്കാനാവുക..?

എന്തു പറയാണെമെന്നറിയാതെ കുഴയുമ്പോളൊക്കെയും ഉള്ളു നിറഞ്ഞു ഒരൊറ്റ വാക്കിൽ ഞാൻ പറഞ്ഞു മുഴുവിപ്പിക്കാറുണ്ട്.

അൽഹംദുലില്ലാഹ് (സർവ്വനാഥനാകുന്നു സർവ്വസ്തുതിയും

  • ഫാത്തിമ ബത്തൂൽ .