കുവൈത്ത് സിറ്റി: വിമാന യാത്രയുമായി ബന്ധപ്പെട്ട പരാതികൾ ഇനി ‘സഹൽ’ ആപ്പിലൂടെ സമർപ്പിക്കാമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) അറിയിച്ചു. യാത്രക്കാരുടെ അവകാശ സംരക്ഷണവും പരാതി പരിഹാര നടപടികളും വേഗത്തിലാക്കുന്നതിനായാണ് പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചത്.
വിമാന സർവീസ് വൈകുക, ബാഗേജ് നഷ്ടപ്പെടുക അല്ലെങ്കിൽ കേടുപാടുകൾ സംഭവിക്കുക, ഫ്ലൈറ്റ് റദ്ദാക്കൽ, ബുക്കിംഗ് റദ്ദാക്കൽ, ഷെഡ്യൂൾ മാറ്റം, ബോർഡിംഗ് നിഷേധിക്കൽ, നഷ്ടപരിഹാര ആവശ്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പരാതികൾ ആപ്പിലൂടെ നൽകാനാകും. പാക്കേജ് ടൂർ തർക്കങ്ങൾ, വ്യാജ ബുക്കിംഗ്, റൂട്ടുമാറ്റം, പറന്നുയർന്ന ശേഷം വിമാനം തിരിച്ചിറക്കൽ, വിമാനത്തിനുള്ളിലെ അപകടങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളും സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിന്റെ ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് ഈ സേവനം നടപ്പാക്കുന്നതെന്ന് PACA വ്യക്തമാക്കി. യാത്രക്കാരും വ്യോമയാന നിയന്ത്രണ ഏജൻസികളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയും സേവന നിലവാരം ഉയർത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
































