കുവൈത്ത് സിറ്റി : ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ് (ISEK) സംഘടിപ്പിക്കുന്ന ‘Meet the Professional’ പരമ്പരയുടെ നാലാം സെഷൻ സെപ്റ്റംബർ 22ന് നടന്നു. ഏഴാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്കായാണ് പരിപാടി സംഘടിപ്പിച്ചത്. വേനലവധിക്ക് ശേഷമുള്ള അധ്യയന വർഷത്തിലെ ആദ്യ ഓഫ്‌ലൈൻ സെഷനായിരുന്നു ഇത്.
ഗൾഫ് മാധ്യമരംഗത്ത് ദീർഘകാല പരിചയമുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ സജീവ് കെ. പീറ്ററായിരുന്നു അതിഥി. കുവൈത്ത് ടൈംസ് ഉൾപ്പെടെയുള്ള പ്രമുഖ പ്രസിദ്ധീകരണങ്ങളിലെ അനുഭവങ്ങൾ പങ്കുവച്ച അദ്ദേഹം വാർത്താ റിപ്പോർട്ടിങ് രീതികൾ, പ്രിന്റ്, ഡിജിറ്റൽ, ബ്രോഡ്കാസ്റ്റ് മാധ്യമങ്ങളിലെ കരിയർ സാധ്യതകൾ, മാധ്യമപ്രവർത്തനത്തിലെ ഉത്തരവാദിത്വങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികളുമായി സംസാരിച്ചു.
‘Spot the Mistake’ സെഷനിലൂടെ വിദ്യാർഥികളുടെ നിരീക്ഷണശേഷിയും എഡിറ്റോറിയൽ കഴിവുകളും പരിശോധിച്ചു. അന്വേഷണാത്മക റിപ്പോർട്ടിങ്, മാധ്യമ ധാർമികത, ശ്രദ്ധേയമായ വാർത്താ അവതരണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിലും സജീവ് കെ. പീറ്റർ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
ISEK ഡയറക്ടർ ഡോ. ഷെർലി ഡെന്നിസ് അതിഥിക്ക് ഉപഹാരം നൽകി ആദരിച്ചു. സത്യത്തെ തിരിച്ചറിയാനുള്ള നിരീക്ഷണശേഷിയും കൗതുകവും വളർത്തണമെന്നും ലഭിക്കുന്ന വിവരങ്ങളെ ചോദ്യം ചെയ്ത് വിലയിരുത്തുന്ന സമീപനം വിദ്യാർഥികൾ സ്വീകരിക്കണമെന്നും അവർ പറഞ്ഞു.
മാധ്യമരംഗത്തെ കരിയർ സാധ്യതകൾ, ഉത്തരവാദിത്വങ്ങൾ, വെല്ലുവിളികൾ എന്നിവ അടുത്തറിയാൻ വിദ്യാർഥികൾക്ക് സെഷൻ അവസരമായി.
































