ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുള്ള യാത്രാനിരോധനം പിൻവലിക്കൽ; അടുത്ത മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യും

0
38

കുവൈത്ത് സിറ്റി :  ജൂലൈ ഒന്നുമുതൽ ഇന്ത്യയടക്കം  യാത്രാ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന്  വിമാനങ്ങൾക്ക്നേരിട്ട് കുവൈത്തിലേക്ക് വരുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗം ചർച്ച ചെയ്യും. കുവൈത്തിലേക്ക് വരുന്ന യാത്രക്കാരിൽ നിന്ന് രാജ്യത്തെ പൗരന്മാർക്ക് കോവിഡ് പകരാൻ സാധ്യതയുള്ളതിനാൽ , പൗരന്മാരുടെ പ്രതിരോധ വാക്സിനേഷൻ പൂർത്തീകരിച്ചതിനുശേഷം മാത്രമേ വിമാനത്താവളം പൂർവസ്ഥിതിയിൽ പ്രവർത്തിക്കുകയുള്ളൂ എന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മുഴുവന്‍ ആളുകള്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് തീരുമാനിച്ചത്. അതിനു മുമ്പ് കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയുള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരുന്നു നിരോധനം.

കഴിഞ്ഞ വര്‍ഷം മാർച്ച് മുതൽ  ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങൾക്ക്  കുവൈത്തു് യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു . പിന്നീട് ഓഗസ്റ്റ് മാസം ആയപ്പോഴേക്കും നിരോധിത രാജ്യങ്ങളുടെ എണ്ണം 31 ആയി . അതിനു ശേഷം ആഗസ്തില്‍ തന്നെ അഫ്ഗാനിസ്താനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. സപ്തംബറില്‍ ഫ്രാന്‍സ്, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ക്കും വിലക്ക് ബാധകമാക്കി. അതോടൊപ്പം സിങ്കപ്പൂരിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. യാത്രാ നിരോധനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അവസാനമായി ഇടംപിടിച്ചത് ബ്രിട്ടനായിരുന്നു. സാധാരണ കൊവിഡ് വൈറസിനെക്കാള്‍ വേഗതയില്‍ പടര്‍ന്നുപിടിക്കുന്ന കൊവിഡിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.