ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എല്‍.പി ഭാട്യ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഭരണ പരിഷ്‌കാര നിർദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോൾ ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. കെ പി സി സി ഭാരവാഹി നൗഷാദലി നൽകിയ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്.
കേന്ദ്രവും ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷനും വിഷയത്തിൽ വിശദീകരണം നൽകണമെന്ന് കോടതി നേരത്തേ നിർദേശിച്ചിരുന്നു. പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷമാവും പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നും ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ കോടതിയിൽ വിശദീകരണം നല്‍കിയത്
അതേസമയം ആയിഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി ഉച്ചയ്‌ക്ക് ശേഷം പരിഗണിക്കും. സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാനുള്ള ശ്രമമാണ് ആയിഷ സുല്‍ത്താന ‘ബയോളജിക്കല്‍ വെപ്പണ്‍’ പരാമര്‍ശത്തിലൂടെ നടത്തിയതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.