അനന്തു മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ.

0
25

ദില്ലി:വഴിക്കടവിൽ പന്നിക്ക് വച്ച കെണിയിൽ നിന്ന് വൈദ്യുതാഘാതത്താൽ അനന്തു മരിക്കാനിടയായ സംഭവത്തിൽ കേരള സർക്കാരിനെതിരെ രൂക്ഷമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാരിൻ്റെ കറൻ്റ് എടുത്തിട്ട് കാട്ടുപന്നിയെ കൊന്നു ജീവിക്കേണ്ട അവസ്ഥയാണോ ഇപ്പോഴുമെന്ന് ചോദിച്ച അദ്ദേഹം ഉപജീവനത്തിന് വേണ്ടി ഇറച്ചി എടുത്തു വിൽക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നും പറഞ്ഞു. ഇതിനെല്ലാം കാരണം തൊഴിലില്ലായ്മയാണെന്നും എന്നാൽ അത് നിയമവിരുദ്ധമായ പ്രവർത്തിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അനന്തു രക്തസാക്ഷി എന്ന കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്‌താവന ശരിയാണ്. അപകടകാരികളായ വന്യ മൃഗങ്ങളെ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. എന്തുകൊണ്ട് ഇത് ഉപയോഗപ്പെടുത്തുന്നില്ല? നിലമ്പൂരിൽ ഈ വർഷം മാത്രം മൂന്ന് പേർ കൊല്ലപ്പെട്ടു. കേരളത്തിൽ അഞ്ച് വർഷത്തിനുള്ളിൽ 57 പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് വന്യമൃഗങ്ങളെ കൊല്ലാനുള്ള അധികാരം പാലക്കാട് അടക്കം പല മേഖലയിലും ഉപയോഗിക്കുന്നുണ്ട്. ബാക്കി സ്ഥലങ്ങളിൽ ഇത് എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല? തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് കോൺഗ്രസ് ഇതേക്കുറിച്ച് പറയുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്തുകൊണ്ടാണ് ഇത്രയും കാലം ഒന്നും പറയാത്തതെന്നും അദ്ദേഹം ചോദിച്ചു.

നിലമ്പൂരിൽ നാലര കൊല്ലം ഇരുന്ന എംഎൽഎ വീണ്ടും മത്സരിക്കുകയാണ്. ഒൻപത് കൊല്ലം സംസ്ഥാനം ഭരിച്ച പാർട്ടിക്ക് വേണ്ടിയാണ് സ്വരാജ് മത്സരിക്കുന്നത്. നേരത്തെ ഭരിച്ച എംഎൽഎയുടെ മകനാണ് യുഡിഎഫ് സ്ഥാനാർത്ഥി. ഇവർ എല്ലാം ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. നിലമ്പൂരിൽ ബിജെപിക്ക് നല്ല പ്രതീക്ഷയുണ്ട്. ജനങ്ങൾക്ക് മാറ്റം വേണം. കേന്ദ്ര സർക്കാരിൻ്റെ പ്രോഗ്രസ് കാർഡ് ജനങ്ങൾക്ക് നൽകും. അനാവശ്യ തെരഞ്ഞെടുപ്പ് എന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു. ദേശീയ നേതൃത്വം നിർബന്ധിച്ചത് കൊണ്ടല്ല സ്ഥാനാർത്ഥിയെ നിർത്തിയത്. പാർട്ടി അംഗമല്ലാത്ത സ്ഥാനാർത്ഥിയെ നിർത്തിയത് വേറെ നേതാക്കൾ ഇല്ലാത്തത് കൊണ്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി