പരിശോധന ഇരട്ടിയാക്കിയതാണ് ദൈനംദിന കോവിഡ് കണക്ക് വർധിക്കാൻ കാരണം എന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി തന്നെയാണ് ഉള്ളതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി ഡോ.ഗാദാ ഇബ്രാഹിം. വൈറസ് ബാധ കണ്ടെത്തുന്നതിനായി ദിവസേനയുള്ള പരിശോധന ഇരട്ടിയാക്കിയതിനാലാണ് ദൈനംദിന കോവിഡ് അണുബാധകളുടെ എണ്ണത്തിൽ പ്രകടമായ വർധനവ് സംഭവിക്കുന്നത്, നിലവിൽ പ്രതിദിനം 10 മുതൽ 12,000 വരെ ശിവ പരിശോധനകൾ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

ദിവസേനയുള്ള അണുബാധ നിരക്ക് ഇപ്പോഴും സാധാരണ നിലയിൽ തന്നെയാണ് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല എന്നും ഡോ. അൽ-ഇബ്രാഹിം വിശദീകരിച്ചു. സ്വാബുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നലെ രേഖപ്പെടുത്തിയ അണുബാധയുടെ നിരക്ക് വെറും 4.77 ശതമാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,340 ശ്രവ പരിശോധന നടത്തിയതായി മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം ആരംഭിച്ചതുമുതൽ ഇതുവരെ 1,347,854 ലബോറട്ടറി പരിശോധനകൾ നടത്തിയതായും അധികൃതർ പറഞ്ഞു.