കൊച്ചി: സംസ്ഥാനത്ത് മന്ത്രവാദവും ആഭിചാര പ്രവൃത്തികളും സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കുകയാണോയെന്ന ചോദ്യവുമായി കേരള ഹൈക്കോടതി. മന്ത്രവാദവും ആഭിചാരപ്രവൃത്തികളും നിരോധിക്കാനുള്ള നിയമനിര്‍മാണത്തില്‍നിന്ന് പിന്മാറിയതായി സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ പ്രതികരണം. ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നിയമനിര്‍മാണത്തില്‍നിന്ന് പിന്മാറിയതായി സര്‍ക്കാര്‍ അറിയിച്ചത്.
നിയമത്തിന്റെ അഭാവത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിയന്ത്രണനടപടികള്‍ എന്താണെന്ന് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ദുരാചാരങ്ങളെ അംഗീകരിച്ച് മുന്നോട്ടുപോകാമെന്നാണോ നിലപാടന്നും കോടതി ചോദിച്ചു. നിയന്ത്രണനടപടികള്‍ വ്യക്തമാക്കി മൂന്നാഴ്ചയ്ക്കകം സെക്രട്ടറിതന്നെ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
മന്ത്രവാദ, ആഭിചാര നിരോധന നിയമനിര്‍മാണത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദിസംഘം സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം, ‘കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്‍ഡ് ബ്ലാക്ക് മാജിക് ബില്‍-2022’ എന്ന നിയമ നിര്‍മാണം ആലോചിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.