JNU ആക്രമണത്തിൽ ഇടതു വിദ്യാർഥി സംഘടനകൾക്കും പങ്കെന്ന് പൊലീസ്

0
8
aishe

ന്യൂഡൽഹി: ജെഎൻയു ക്യാംപസിൽ നടന്ന അക്രമങ്ങൾക്ക് പിന്നിൽ ഇടതുവിദ്യാർഥി സംഘടനകൾക്കും പങ്കുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ട് പൊലീസ്. ജനുവരി അഞ്ചിന് രാത്രി പെരിയാർ ഹോസ്റ്റലിൽ നടന്ന ആക്രമണങ്ങൾക്ക് നേതൃത്വം നല്‍കിയത് ജെഎൻയു എസ് യു പ്രസിഡന്റ് ഐഷെ ഘോഷിന്റെ നേതൃത്വത്തിലുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്. ക്യാംപസിന്റെ സെർവർ റൂം തകർത്തത് അടക്കമുള്ള ആക്രമണത്തിൽ ഐഷെക്ക് പങ്കുണ്ടെന്നാണ് ഡൽഹി ഡപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കോളജ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ തന്നെ ഐഷെ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണത്തില്‍ പങ്കുള്ളവരുടെ സിസിറ്റിവി ദൃശ്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ഐഷെക്ക് പുറമെ ചുഞ്ചും കുമാര്‍, പങ്കജ് മിശ്ര, വാസ്‌കര്‍ വിജയ്, പ്രിയരജ്ഞന്‍, യോഗേന്ദ്ര ഭരത്‌രാജ്, വികാസ് പാട്ടീല്‍, സുജയ താനൂക്ക്ദാര്‍, ഡോളന്‍ സമന്ത എന്നിവരുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

എസ്എഫ്‌ഐ, എഐഎസ്എഫ്, എസ്‌ഐഡിഎ, ഡിഎസ്എഫ്, എബിവിപി എന്നീ സംഘടനകളിലെ പ്രവര്‍ത്തകരാണിവര്‍. ഇതില്‍ അഞ്ചുപേര്‍ ഇടതുസംഘടന പ്രവര്‍ത്തകരും രണ്ടുപേര്‍ എബിവിപി പ്രവര്‍ത്തകരുമാണ്. മറ്റുള്ളവര്‍ കാമ്പസിന് പുറത്തുനിന്നുള്ളവരാണെന്നും പോലീസ് പറയുന്നു.