കല കുവൈറ്റിന്റെ കൊച്ചിയിലേക്കുള്ള രണ്ടാം ചാർട്ടേഡ് വിമാനം ജൂൺ 18ന്.

കുവൈറ്റ് സിറ്റി: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്റെ രണ്ടാം ചാർട്ടേഡ് വിമാനം ജൂൺ 18ന് കൊച്ചിയിലേക്ക്‌ യാത്രയാവും. സംസ്ഥാന സർക്കാർ നിഷ്കർഷിച്ച മുൻഗണനാക്രമം പാലിച്ചുകൊണ്ട്‌ ആദ്യഘട്ട രജിസ്ട്രേഷനിൽ നിന്നും തെരഞ്ഞെടുത്ത യാത്രികരെയാണ് ഇതിലേക്ക്‌ പരിഗണിക്കുന്നത്. ഗർഭണികൾ, ജോലി നഷ്ടപ്പെട്ടവർ, രോഗികളായവർ, തുടർപഠനത്തിന് പോകേണ്ട വിദ്യാർത്ഥികൾ എന്നീ വിഭാഗത്തിൽപ്പെട്ടവരെയാണ് രണ്ടാം ഘട്ടത്തിലും ഉൾപ്പെടുത്തിയിട്ടുള്ളത്.
ആദ്യ ഘട്ടത്തിൽ 322 പേരും 10 കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 332 യാത്രക്കാരാണ് ആദ്യ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടത്. കുവൈറ്റ് എയർവേസിന്റെ സഹകരണത്തോടെയാണ് കല കുവൈറ്റ് ചാർട്ടേഡ് വിമാനം ഏർപ്പാട് ചെയ്യുന്നത്. നിരവധിയാളുകളാണ് രാജ്യാന്തര സർവീസുകൾ മുടങ്ങിയതിന്റെ ഭാഗമായി കുവൈറ്റിൽ കുടുങ്ങിയിരിക്കുന്നത്. വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യാ ഗവണ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ള വിമാന സർവ്വീസുകളുടെ അപര്യാപ്തത മൂലം നിരവധിയാളുകൾ നാട്ടിലേക്ക് മടങ്ങുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കൂടുതൽ ആളുകളെ നാട്ടിലെത്തിക്കുന്നതിനായി കൂടുതൽ വിമാനങ്ങൾക്കായുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്ന് കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.