തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഏഴുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 215 ആയി. തിരുവനന്തപുരത്തും കാസർഗോഡും രണ്ട് പേർക്ക് വീതവും കൊല്ലം, തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
അതേസമയം കോവിഡ് ബാധിതനായ ഒരാൾ ഇന്ന് മരിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ അബ്ദുൾ അസീസ് (69) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്ന ഇയാൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ആശുപത്രിയിലായിരുന്നു.
സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,63,129 പേരാണ്. ഇതില്‍ 1,62,471 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 658 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തില്‍ കഴിയുന്നു. ചൊവ്വാഴ്ച മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 6381 എണ്ണത്തിന് രോഗബാധയില്ല എന്നു കണ്ടെത്തിയിട്ടുണ്ട്.