പ്രവാസികളുടെ യാത്രാ ചെലവ് സർക്കാർ വഹിക്കണം: OICC

അബ്ബാസിയ: നാട്ടിലേക്ക് മടങ്ങാൻ തയ്യാറാവുന്നവരുടെ യാത്രാ ചിലവുകൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വഹിക്കാൻ തയ്യാറാവണമെന്ന് കുവൈറ്റ് OICC ആവശ്യപ്പെട്ടു. സൗദിയിലെ നിതാഖാത്തിൻ്റെയും, യെമൻ, സിറിയ, ഇറാഖ് രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളുടെയും സമയത്ത് അകപ്പെട്ടുപ്പോയ പ്രവാസികളെ തിരികെ കൊണ്ടുവരാൻ അന്നത്തെ സർക്കാർ ആണ് നോർക്ക വഴിയും മറ്റും യാത്ര ചിലവ് വഹിച്ചത്.ഇതിനായി ഭഗീരത പ്രയത്‌നം നടത്തിയ മുൻ വിദേശകാര്യ മന്ത്രി E. അഹമ്മദ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ ക്രിയാത്മകമായ ഇടപെടലുകൾ ഒന്ന് കൊണ്ട് മാത്രമാണ് അന്ന് അതെല്ലാം സാധ്യമായത്.
ഇന്ന് കോവിഡ് മൂലം വീണ്ടും സാധാരണക്കാരായ വീട്ടുജോലിക്കാർ, ടാക്സി ഡ്രൈവേഴ്സ്, ചെറുകിട കച്ചവടക്കാർ, ദിവസ വേതനക്കാർ, മറ്റ് സൊകാര്യ സ്ഥാപനങ്ങളിലെ ജോലി നഷ്ടമായവർ എന്നിവരെ കൂടാതെ രോഗികളായവർ, ഗർഭിണികൾ തുടങ്ങി പ്രവാസികളായ നിരാലംബരായ ധാരാളം ആളുകൾ നാടണയാൻ കാത്ത് നില്ക്കുമ്പോൾ, അവരോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാട്ടുന്ന അനീതിക്കെതിരെ OICC കുവൈറ്റ് അതിശക്തമായി പ്രതികരിക്കുകയും ചെയ്യുന്നു.

നാടിൻ്റെ സമ്പദ് വ്യവസ്ഥയിൽ നട്ടെല്ലായ പ്രവാസികളോട് അല്പമെങ്കിലും കരുണ കാണിക്കണമെന്നും, അതിനായി നോർക്ക വഴി യാത്രാ ചിലവ് കേരള സർക്കാർ വഹിക്കുവാനോ, എംബസ്സിയിലെ വെൽഫെയർ ഫണ്ട് അനുവദിപ്പിക്കുവാനോ ഉള്ള നീക്കങ്ങൾ നടത്താനാവശ്യമായ ഇടപെടലുകൾ കേരള സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും കുവൈറ്റ് OICC പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു