കുവൈറ്റ്: ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കുവൈറ്റിന്റെ തീരുമാനം മൂലം വലഞ്ഞ് യാത്രക്കാർ. കഴിഞ്ഞ ദിവസം രാത്രിയോടെ നിലവിൽ വന്ന വിലക്ക് സംബന്ധിച്ച് വിമാനത്താവളത്തിൽ എത്തിയതിന് ശേഷം മാത്രമാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ അറിയുന്നത് തന്നെ.
കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം ഏഴു രാജ്യങ്ങളിൽ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകളാണ് കുവൈറ്റ് നിര്‍ത്തിവച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന വിലക്ക് കഴിഞ്ഞ ദിവസം അർദ്ധ രാത്രിമുതൽ തന്നെ നിലവിൽ വന്നു. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനൻ എന്നീ രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് വിലക്ക്. കുവൈത്തിൽ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള സർവീസും നിർത്തിയിട്ടുണ്ട്.
വിലക്കിനെ തുടർന്ന് കരിപ്പൂരിൽ നിന്ന് കുവൈത്തിലേക്ക് രാവിലെ പുറപ്പെടേണ്ട 170 യാത്രക്കാരെ മടക്കി അയച്ചു. മറ്റു വിമാനത്താവളങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. ഏഴു ദിവസത്തേക്കാണ് വിലക്കെന്നും അതിനു ശേഷം കുവൈറ്റ് അധികൃതരിൽ നിന്ന് ലഭിക്കുന്ന നിര്‍ദേശം അനുസരിച്ച് തിരികെ പോകാനുള്ള സൗകര്യം ഒരുക്കുമെന്നാണ് എയര്‍ലൈൻസ് അധികൃതരും വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് യാത്ര മുടങ്ങിയവർ അതത് എയര്‍ലൈൻസുകളുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണമെന്നും റിപ്പോർട്ടുകളുണ്ട്.