തൊഴിൽ പെർമിറ്റ് കാലാവധി കഴിഞ്ഞ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്താൻ കുവൈത്ത് സെൻട്രൽ ബാങ്ക്

0
59

കുവൈത്ത് സിറ്റി: തൊഴിൽ പെർമിറ്റ് കാലാവധി കഴിഞ്ഞ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾ കർശനമായി നിരീക്ഷിക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകൾക്ക് നിർദേശം നൽകി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനുമായി ഓട്ടോമേറ്റഡ് ലിങ്ക് സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിലൂടെ പെർമിറ്റ് കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ സിവിൽ ഐഡി നമ്പറും വിവരങ്ങളും ബാങ്കുകൾക്ക് ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. ഇതുവഴി ഉപഭോക്തൃ വിവരങ്ങൾ പുതുക്കുകയും നിർജ്ജീവ അക്കൗണ്ടുകളുടെ ദുരുപയോഗം തടയുകയും ചെയ്യുകയാണ് ലക്ഷ്യം. മുൻപ് ഇത്തരം അക്കൗണ്ടുകളെക്കുറിച്ചുള്ള മതിയായ വിവരങ്ങൾ ലഭിക്കാത്തതിനാൽ ചില അക്കൗണ്ടുകൾ സജീവമായി തുടരുകയും തട്ടിപ്പുകൾക്കും അനധികൃത ഇടപാടുകൾക്കും സാധ്യത ഉണ്ടാകുകയും ചെയ്തതായി സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി. ബാങ്കുകൾ കെവൈസി മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിർദേശം നൽകി. അതേസമയം, സാമ്പത്തിക സ്ഥാപനങ്ങളിലെ കംപ്ലയൻസ് വിഭാഗങ്ങൾ അന്താരാഷ്ട്ര നിലവാരങ്ങൾ അനുസരിച്ച് റിപ്പോർട്ടിംഗ് ശക്തമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സംശയാസ്പദമായ ഇടപാടുകൾ ഉൾപ്പെടെ വിശദമായ വിലയിരുത്തലുകളും പ്രവർത്തന പദ്ധതികളും റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തണം.