കുവൈറ്റ്: രാജ്യത്തെ ജനങ്ങളുടെ സഹകരണവും പിന്തുണയും ഉണ്ടെങ്കിൽ അധികം വൈകാതെ തന്നെ കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി. രാജ്യത്തെ എല്ലാവരും ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണം. അങ്ങനെ വന്നാൽ രണ്ടു മാസത്തിനുള്ളിൽ കാര്യങ്ങള്‍ പൂർവ്വ സ്ഥിതിയിലാക്കാമെന്നാണ് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബസിൽ അൽ സബ അറിയിച്ചത്.
രാജ്യത്തെ പൊതു ആരോഗ്യ സംവിധാനം മറ്റേത് രാജ്യത്തെക്കാളും മികച്ചതാണെന്ന കാര്യവും ആരോഗ്യമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. ലക്ഷ്യത്തിലെത്താൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ ജനങ്ങളുടെ കൂടെ സഹകരണം ഇല്ലാതെ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പ്രയാസം ഉണ്ടാകുമെങ്കിലും വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ നിര്‍ദേശങ്ങൾ കര്‍ശനമായി പാലിച്ചേ പറ്റു.. നിർദേശങ്ങൾ കൃത്യമായി പാലിച്ച്, രാജ്യത്ത് വൈറസ് വ്യാപനം കുറഞ്ഞുവെന്ന് ബോധ്യപ്പെട്ടാൽ മാത്രമെ നിലവിലെ നിയന്ത്രണങ്ങൾക്ക് പതിയെ ഇളവു വരുത്താനും എല്ലാം പൂര്‍വസ്ഥിതിയിലെത്തിക്കാനും കഴിയു.. രോഗബാധിതരുടെ എണ്ണം വർധിച്ചാൽ രാജ്യം പഴയസ്ഥിതിയിലെത്താനും കാലതാമസം എടുക്കും. ജനങ്ങൾക്കിടയിൽ വൈറസ് വ്യാപനം നിയന്ത്രണത്തിലാണെന്ന് ഉറപ്പാകാതെ കർഫ്യു പിൻവലിക്കില്ല.’ എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാക്കുകൾ.