വൈദ്യുതി ട്രാൻസ്‌ഫോർമറുകൾക്ക് സമീപമുള്ള കെട്ടിട നിർമ്മാണങ്ങൾ ഗുരുതര ലംഘനമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി

0
17

കുവൈറ്റ് സിറ്റി : സംസ്ഥാന ഭൂമിയിലെ കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും കണ്ടെത്തി നീക്കം ചെയ്യുന്നതിനായി “കുവൈത്ത് ഈസ് മോർ ബ്യൂട്ടിഫുൾ വിതൗട്ട് എൻക്രോച്ച്‌മെന്റ്സ്” എന്ന ഫീൽഡ് ക്യാമ്പയിൻ കുവൈത്ത് മുനിസിപ്പാലിറ്റി തുടർന്നു. പാർപ്പിട മേഖലകളുടെ സൗന്ദര്യം മെച്ചപ്പെടുത്തുകയും പൊതുസൗകര്യങ്ങൾക്ക് തടസ്സമാകുന്നതും സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതുമായ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യുകയുമാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

ജാബർ അൽ-അഹ്മദ് റെസിഡൻഷ്യൽ സിറ്റിയിൽ പരിശോധനയ്ക്കിടെ ഏറ്റവും കൂടുതൽ കണ്ടെത്തിയ ലംഘനങ്ങൾ വൈദ്യുതി ട്രാൻസ്‌ഫോർമറുകൾക്ക് സമീപമുള്ള നിർമ്മാണങ്ങൾ ആണെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പാലിറ്റിയിലെ ലംഘനങ്ങൾ നീക്കം ചെയ്യുന്ന വിഭാഗം മേധാവി സുലൈമാൻ അൽ-ഗൈസ് പറഞ്ഞു.

ഇത്തരം നിർമാണങ്ങൾ വൈദ്യുതി, ജല മന്ത്രാലയത്തിന്റെ അറ്റകുറ്റപ്പണികൾക്ക് തടസ്സമാകുകയും വൈദ്യുതി വിതരണം തടസ്സപ്പെടാനും താമസക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകാനും ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നടപ്പാതകളിലും ട്രാൻസ്‌ഫോർമറുകൾക്ക് സമീപവും അനധികൃതമായി നിർമ്മിച്ച ദിവാനിയകൾ, വീടുകളുടെ മുൻവശത്ത് അനുമതിയില്ലാതെ സ്ഥാപിച്ച പച്ച വേലികൾ എന്നിവയും പരിശോധനയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവ ഗതാഗത സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുശുചിത്വം, റോഡ് സുരക്ഷ, പൊതുമരാമത്ത്, കാർഷിക മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പാക്കുകയാണെന്നും, പിഴയും മറ്റ് നിയമനടപടികളും ഒഴിവാക്കാൻ അനധികൃത നിർമാണങ്ങൾ സ്വമേധയാ നീക്കം ചെയ്യാൻ വീടുടമകളോട് മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.