സോണിയയുടെ വിളിയിൽ അനുസരണയുള്ള കുട്ടിയായി മാഷ്

കൊച്ചി: ഡൽഹിയിൽ നിന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിളി വന്നു. പ്രഖ്യാപിച്ച വാർത്താ സമ്മേളനം ഉപേക്ഷിച്ച് നല്ല കുട്ടിയായി പാർട്ടിയിൽ ഉറച്ച് നിൽക്കുമെന്ന് സൂചന നൽകി കെ.വി തോമസ് . സോണിയാ ഗാന്ധി എന്ത് പറഞ്ഞാലും തല കുനിച്ച് അനുസരിക്കും. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെനിത്തലയും വിളിച്ചു. ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായി. പാർട്ടിയുമായി പ്രശ്നങ്ങളില്ല. പാർട്ടിയിൽ പദവികൾ ചോദിക്കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി.

പാർട്ടിയോട് ഇടഞ്ഞ് നിന്ന കെ വി തോമസ് തുറന്ന് പറച്ചിലിനായി ശനിയാഴ്ച എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം വിളിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ വിളി വന്നതോടെ വാർത്താ സമ്മേളനം കെ വി തോമസ് റദ്ദാക്കി. നോണിയയുടെ നിർദ്ദേശപ്രകാരം ശനിയാഴ്ച തിരുവനന്തപുരത്തെത്തി കെ വി തോമസ് കേന്ദ്ര നേതാക്കളുമായി കൂടികാഴ്ച നടത്തും. സമവായ നിർദ്ദേശത്തിന്റെ ഭാഗമായി കെ പി സി സി വർക്കിങ്ങ് പ്രസിഡന്റ് സ്ഥാനം കെ വി തോമസിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ടതിന് ശേഷം കെവി തോമസിന് പാർട്ടിയിൽ സ്ഥാനമാനങ്ങൾ നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ സമർദ്ദ തന്ത്രവുമായി കെ വി തോമസ് രംഗത്തെത്തിയത്. കോൺഗ്രസ് പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ കെ വി തോമസിനെ സി പി എം എറണാകുളം ജില്ലാ സെക്രട്ടറി എൽഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തിരുന്നു.