ഷഹീൻ ബാഗിൽ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിർത്ത യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ മുഖ്യവേദികളിലൊന്നായ ഷഹീന്‍ ബാഗിന് സമീപം വെടിയുതിർത്ത് യുവാവ്. സൗത്ത് ഡെൽഹി മേഖലയിലെ ഷഹീൻ ബാഗിൽ നൂറുകണക്കിന് സ്ത്രീകളാണ് പ്രതിഷേധിക്കാൻ ഒത്തു കൂടിയിരിക്കുന്നത്. ഇതിന് സമീപത്തെ പൊലീസ് ബാരിക്കേഡിനരികിലെത്തിയ യുവാവ് ഹിന്ദുരാഷ്ട്രം സിന്ദാബാദ് എന്നുറക്കെ വിളിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

വളരെ വേഗം തന്നെ ഇടപെട്ട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കപിൽ ഗുജ്ജാർ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. വെടിവയ്പ്പിൽ ആർക്കും അപകടമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നതിനിടെ നമ്മുടെ രാജ്യത്ത് ഹിന്ദുക്കൾ വിചാരിക്കുന്നത് പോലെ മാത്രമെ നടക്കു എന്നും മറ്റാർക്കും ഒന്നിനും ആകില്ലായെന്നും ഇയാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുന്നത് ഈ ആഴ്ച ഇത് രണ്ടാമത്തെ സംഭവമാണ്. കഴിഞ്ഞ ദിവസം ജാമിയ മിലിയയിലെ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവയ്പിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത അക്രമിയെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. പ്രതിഷേധങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു ഇയാളുടെ അതിക്രമം.