കുവൈത്ത് സ്കൂൾ പാഠ്യപദ്ധതിയിൽ ചൈനീസ് ഭാഷ ഉൾപ്പെടുത്താൻ നീക്കം

0
22

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ചൈനീസ് ഭാഷ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രാലയം നീക്കം ആരംഭിച്ചു. ചൈനയുമായുള്ള വിദ്യാഭ്യാസ-സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും വിദ്യാർഥികൾക്ക് വിദേശഭാഷാ പഠനത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിന്റെയും ഭാഗമായാണ് നടപടി.

വിദ്യാഭ്യാസ മന്ത്രാലയം വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ചൈനീസ് ഭാഷ ഒരു ഓപ്ഷണൽ ഭാഷയായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. പുതിയ സെക്കൻഡറി വിദ്യാഭ്യാസ സ്ട്രീം സംവിധാനത്തിൽ വിദേശഭാഷകൾക്കായുള്ള പ്രത്യേക വിഭാഗത്തിലും ചൈനീസ് ഭാഷ ഉൾപ്പെടുത്താനാണ് നിർദേശം.

കുവൈത്തിന്റെയും ചൈനയുടെയും ചരിത്രം, ഭൂമിശാസ്ത്രം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. ഇരു രാജ്യങ്ങളെയും കുറിച്ചുള്ള വിദ്യാർഥികളുടെ അറിവ് വർധിപ്പിക്കുകയും പരസ്പര സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.