വാക്സിനേഷൻ സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്തവരുടെ തീയതികളിലാണ് മാറ്റം വരുത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: COVID-19 പ്രതിരോധ വാക്സിൻ മൂന്നാം ബാച്ച് എത്താത്ത സാഹചര്യത്തിൽ വാക്സിനേഷൻ തീയതികളിൽ പുനക്രമീകരണം നടത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതിൽ വ്യക്തത യുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. കുത്തിവെപ്പ് സ്വീകരിക്കുന്നതിനായി ഇതിനോടകം മുൻകൂട്ടി തീയ്യതി നിശ്ചയിച്ച് സന്ദേശങ്ങളായി അറിയിച്ചവരുടെ വാക്സിനേഷനിൽ മാറ്റം ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. രണ്ടാംതവണ കുത്തിവെപ്പ് എടുക്കുന്നവരുടെ കാര്യത്തിൽ ഉൾപ്പെടെയാണിത്.

വാക്സിനേഷൻ ഡേറ്റ് സംബന്ധിച്ച സന്ദേശം ലഭിക്കാത്തവരുടെ തീയതികളിലാണ് പുനക്രമീകരണം നടത്തുന്നതെന്നും ആരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി. ഇന്നലെയാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവന്നു തുടങ്ങിയത്. ഫൈസർ ബയോടെക് വാക്സിൻ നിർമ്മാണ കേന്ദ്രത്തിൽ മരുന്നുകളുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് . ഈ സാഹചര്യത്തിൽ കുവൈത്തിലേക്കും ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലേക്കും വാക്സിൻ എത്തിക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. മുൻ നിശ്ചയിച്ച അളവിൽ മരുന്നുകൾ കൃത്യസമയത്ത് കുവൈറ്റിൽ എത്തിക്കാൻ കഴിയാത്ത സ്ഥിതി വിശേഷമാണ്. ഈ സാഹചര്യത്തിൽ വാക്സിനേഷൻ മുടങ്ങാതിരിക്കുന്നതിനായാണ് കുത്തിവെപ്പ് ഡേറ്റുകൾ പുനക്രമീകരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു