കുവൈത്ത് സിറ്റി: ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തിയ കേസിൽ ഉദ്യോഗസ്ഥന് നാല് വർഷത്തെ കഠിനതടവ് വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. നാടുകടത്തൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ശിക്ഷ ലഭിച്ചത്. ജഡ്ജി അൽ-ദുവൈഹി അൽ-ദുവൈഹിയുടെ അധ്യക്ഷതയിൽ, ജഡ്ജിമാരായ ഇബ്രാഹിം ഖുറൈബത്ത്, ഫൈസൽ അൽ-ഖുദൈർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നാടുകടത്താൻ ഉത്തരവിട്ട രണ്ട് വിദേശി സഹോദരിമാരുടെ ശിക്ഷാ നടപടികൾ പണം വാങ്ങി റദ്ദാക്കാൻ ശ്രമിച്ചതിനാണ് ഉദ്യോഗസ്ഥൻ പിടിയിലായത്.
ക്രിമിനൽ എൻഫോഴ്‌സ്‌മെന്‍റ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടറുടെ പേരിൽ വ്യാജ അപ്പീൽ കത്ത് തയ്യാറാക്കി ഒന്നാം ഉപപ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സമർപ്പിക്കാൻ ശ്രമിച്ചതാണ് പ്രതിക്കെതിരെയുള്ള കുറ്റം. നാടുകടത്തൽ വിഭാഗത്തിലെ തന്‍റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, വിദേശി വനിതകളുടെ നാടുകടത്തൽ നടപടികൾ വേഗത്തിൽ റദ്ദാക്കാനായിരുന്നു ഇയാളുടെ നീക്കം. ഇതിനായി ക്രിമിനൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറുടേതെന്ന വ്യാജേന കത്ത് നിർമ്മിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കാൻ ഒരുങ്ങുകയായിരുന്നു.
എന്നാൽ തട്ടിപ്പ് പുറത്തറിയുന്നതിന് മുൻപ് തന്നെ ഈ ഇടപാടിലൂടെ പ്രതി വൻ തുക കൈപ്പറ്റിയതായി അന്വേഷണസംഘം കണ്ടെത്തി. തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ഔദ്യോഗിക രേഖകൾ ചമച്ചതിനും വഴിവിട്ട രീതിയിൽ സാമ്പത്തിക ലാഭം ഉണ്ടാക്കിയതിനും ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കോടതി കേസ് വിശദമായി പരിശോധിക്കുകയും ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേൾക്കുകയും ചെയ്ത ശേഷമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി ഉടനടി നടപ്പിലാക്കാനും പ്രതിയെ കഠിനതടവിന് വിധേയനാക്കാനും കോടതി ഉത്തരവിട്ടു.





























