പ്രളയത്തിനും തോൽപിക്കാൻ കഴിയില്ല; പത്തനംതിട്ട തന്നെ ഇത്തവണയും ഒന്നാമത്

0
26

പത്തനംതിട്ട: പ്രളയം താണ്ഡവമാടിയിട്ടും
എസ്‌എസ്‌എല്‍സി പരീക്ഷയിലെ മിന്നുന്ന
വിജയം തുടര്‍ന്ന് പത്തനംതിട്ട. പരീക്ഷ
എഴുതിയവരില്‍ 99.34% പേരെയും
ഉന്നത വിദ്യഭ്യാസത്തിന്
യോഗ്യരാക്കി ഈ വ‌ര്‍ഷവും പത്തനംതിട്ട
വിജയശതമാനത്തില്‍ ഒന്നാം സ്ഥാനം
നിലനിര്‍ത്തി.
10852 കുട്ടികളാണ് ഇത്തവണ
പത്തനംതിട്ടയില്‍ എസ്‌എസ്‌എല്‍സി
പരീക്ഷ എഴുതിയത്. ഇവരില്‍ 10780
പേരും വിജയിച്ചു. ജില്ലയിലെ168
സ്കൂളുകളില്‍ 130 സ്കൂളുകള്‍ 100
ശതമാനം വിജയം നേടി. 2018 ലെ
എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം
വന്നപ്പോഴും പത്തനംതിട്ടയായിരുന്നു
വിജയശതമാനത്തില്‍ ഒന്നാമത്. 99.10
ആയിരുന്നു അന്നത്തെ വിജയശതമാനം.

കഴിഞ്ഞ വ‌ര്‍ഷത്തേതില്‍ നിന്ന് തീർത്തും
വിഭിന്നമായിരുന്നു ഇത്തവണ
പത്തനംതിട്ടയിലെ സാഹചര്യം.
കേരളത്തെ മുക്കിയ മഹാ പ്രളയം
ഏറ്റവും കൂടുതല്‍ നാശം വിതച്ച
ജില്ലകളിലൊന്നായിരുന്നു പത്തനംതിട്ട.

പ്രളയത്തില്‍ നാട് മുഴുവന്‍
മുങ്ങിയപ്പോള്‍ പത്തനംതിട്ടയിലെ ഒട്ടു
മിക്ക സ്കൂളുകളും ദുരിതാശ്വാസ
ക്യാമ്പുകളായി പ്രവർത്തിച്ചു. ഇതോടെ
കുട്ടികളുടെ അധ്യായന ദിനങ്ങള്‍
നഷ്ടമായി. വെള്ളമിറങ്ങി വീട്ടില്‍
തിരിച്ചെത്തിയപ്പോഴേക്കും പാഠ
പുസ്തകങ്ങളും പഠനോപകരണങ്ങളും
ഒഴുകിപ്പോയിരുന്നു. എന്നാലിതൊന്നും തന്നെ പത്തനംതിട്ടയിലെ
വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും
തളര്‍ത്തിയില്ല. കൂടുതല്‍ അവധിക്കാല
ക്യാമ്പുകള്‍ സംഘടിപ്പിച്ചും നഷ്ടപ്പെട്ട
നോട്ടുകള്‍ എഴുതിയെടുത്തും തളരാതെ
പഠിച്ചുമാണ് പത്തനംതിട്ടയിലെ കുട്ടികളും
അധ്യാപകരും ഈ വര്‍ഷവും മിന്നുന്ന
പ്രകടനം തുടര്‍ന്നത്. ഇവരുടെ
നിശ്ചയദാര്‍ഢ്യത്തിന് വിദ്യാഭ്യാസ
വകുപ്പും പരിപൂര്‍ണ്ണ പിന്തുണ
നല്‍കി ഒപ്പം നിന്നു.