ഹൂസ്റ്റണിൽ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഹുസ്റ്റൺ: ഹൂസ്റ്റണിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെ പ്രൈവറ്റ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിലുണ്ടായിരുന്ന 18 യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളും അടക്കം 21 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

മക്ഡൊണൽ ഡഗ്ലസ് എംഡി -87 ബ്രൂക്ക്ഷയറിലെ ഹൂസ്റ്റൺ എക്സിക്യൂട്ടീവ് എയർപോർട്ടിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇവർക്ക് നിസാര പരിക്കുകളാണ്.

അപകടത്തിന്‍റെ കാരണം പരിശോധിച്ച് വരികയാണെന്ന്​ ഫെഡറൽ എവിയേഷൻ അഡ്​മിനിസ്​ട്രേഷൻ അറിയിച്ചു. സംഭവം നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷിക്കുമെന്നും എഫ്എഎ അറിയിച്ചു.