കുവൈത്ത് സിറ്റി : ഫർവാനിയ ആശുപത്രിക്ക് മുന്നിലുള്ള ട്രാഫിക് ജംഗ്ഷൻ നവീകരിക്കുന്ന പദ്ധതിയുടെ പ്രാധാന്യം ഫർവാനിയ ഗവർണർ ഷെയ്ഖ് അത്ബി അൽ-നാസർ വീണ്ടും ഊന്നിപ്പറഞ്ഞു. ആശുപത്രിയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും ഗതാഗത പ്രവാഹം മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഈ പദ്ധതി നിർണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫർവാനിയ ഗവർണറേറ്റ് കൗൺസിലിന്റെ പരാതികളും ഹർജികളും പരിഗണിക്കുന്ന സമിതി അംഗങ്ങളുമായും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ പ്രതിനിധികളുമായും നടത്തിയ യോഗത്തിൽ പദ്ധതിയുടെ സാങ്കേതിക വശങ്ങളും നടപ്പാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങളും ഗവർണർ വിലയിരുത്തി.
രോഗികൾക്കും സന്ദർശകർക്കും അടിയന്തര സേവന വാഹനങ്ങൾക്കും കൂടുതൽ സുഗമമായ യാത്ര ഉറപ്പാക്കാൻ പദ്ധതി സഹായിക്കുമെന്ന് ഷെയ്ഖ് അഥ്ബി അൽ-നാസർ പറഞ്ഞു. ഗവർണറേറ്റിലെ ഏറ്റവും തിരക്കേറിയ ആരോഗ്യ സ്ഥാപനങ്ങളിലൊന്നായ ഫർവാനിയ ആശുപത്രിക്ക് ചുറ്റുമുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
യോഗത്തിന് ശേഷം അധികൃതർ സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി. സാങ്കേതിക ആവശ്യകതകൾ വിലയിരുത്തുകയും പദ്ധതി വേഗത്തിൽ നടപ്പാക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഫർവാനിയ ഗവർണറേറ്റിലെ അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.






























