ഫെബ്രുവരി മുതൽ റസിഡൻസി നിയമലംഘകരെ പിടികൂടുന്നതിനായി സുരക്ഷാ ക്യാമ്പയിനുകൾ ആരംഭിക്കും

കുവൈത്ത്‌ സിറ്റി : രാജ്യത്ത് അനധികൃത താമസക്കാർക്ക് ഏർപ്പെടുത്തിയ പുതിയ ഭാഗിക പൊതുമാപ്പിൻ്റെ സമയപരിധി ജനുവരി 31 ന് അവസാനിക്കും. രാജ്യത്ത് ഒരുലക്ഷത്തി എൺപതിനായിരത്തോളം അനധികൃത താമസക്കാർ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ 3000 ഓളം പേർ മാത്രമാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത്. മറ്റുള്ളവർ പിഴയടച്ച്‌ രാജ്യം വിടുന്നതിനോ അല്ലെങ്കിൽ താമസ രേഖ നിയമ വിധേയമാക്കുന്നതിനോ തയ്യാറായില്ല എന്നു ചുരുക്കം.

ശക്തമായ പരിശോധനയുടെ അഭാവമാണ് കുവൈത്തിൽ അനധികൃത താമസക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർദ്ധനവ് എന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തെ മുഴുവൻ റെസിഡൻസി വിസ നിയമലംഘകരെ പിടികൂടി നാടുകടത്തുന്നതിന് ആയി ആഭ്യന്തരമന്ത്രാലയം അതിശക്തമായ പരിശോധനാ ക്യാമ്പയിൻ ആരംഭിക്കും. ഫെബ്രുവരി മാസത്തോട്‌ കൂടി അതിശക്തവും പഴുതടച്ചുമുള്ള പരിശോധന ആരംഭിക്കുമെന്നാണ് ലഭ്യമായ വിവരം.

നിയമലംഘകർക്ക് അവരുടെ സ്റ്റാറ്റസ് നിയമവിധേയമാക്കുന്ന അതിനായി
ഡിസംബർ 1മുതൽ 31 വരെ സമയപരിധി ആയിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ യാത്രാനിരോധനം പരിഗണിച്ച് കാലാവധി ജനുവരി 31 വരെ നീട്ടി നൽകുകയായിരുന്നു. എന്നിരുന്നാലും നിയമലംഘകർ ഇല്ല കാര്യമായ പ്രതികരണം ഒന്നും തന്നെ ലഭിച്ചില്ല.