സുരേന്ദ്രനെതിരെ പാളയത്തിൽ പട

0
6

തിരുവനന്തപുരം: കെ സുരേന്ദ്രനെതിരെ ബിജെപിയിൽ പടയൊരുക്കം ശക്തമാകുന്നു. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രനും കൃഷ്ണദാസ് പക്ഷവും പാർട്ടി കേന്ദ്ര നേതൃത്വത്തിന്‌ കത്തുകളയച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് നീക്കം.
പാർട്ടിയിൽ സുരേന്ദ്രൻ ഏകാധിപതിയെ പോലെ പെരുമാറുന്നു, തെര‍ഞ്ഞെടുപ്പ് സമിതിയും കോർകമ്മിറ്റിയും ചേർന്നില്ല തീരുമാനങ്ങളെല്ലാം സുരേന്ദ്രൻ ഒറ്റക്ക് എടുക്കുന്നു എന്നാണ് ഇരുപക്ഷത്തിന്റെയും പ്രധാന ആക്ഷേപം.
പിഎം വേലായുധൻ, കെപിശ്രീശൻ തുടങ്ങിയ താനുൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പരിഗണിക്കുന്നില്ല എന്ന്‌ ശോഭാ പരാതിയിൽ പറയുന്നു.
2015നെക്കാൾ ആകെ ജയിച്ച വാർഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിൻറെ അവകാശവാദം പൊള്ളയാണെന്നാണ് ഇരുപക്ഷത്തിൻറെയും വിമർശനം. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിലും പാർട്ടിക്കുണ്ടായത് കനത്തതോൽവിയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതീക്ഷിച്ച നേട്ടത്തിൻറെ അടുത്തുപോലും എത്തിയില്ല എന്നും ഇരുവിഭാഗവും എടുത്തു പറയുന്നു.