കുവൈത്ത് സിറ്റി: രണ്ടാം സെമസ്റ്ററിൽ സ്കൂളുകൾ തുറക്കുന്നതിന് മുൻപായി എല്ലാ അധ്യാപകർക്കും സ്കൂൾ ഭരണനിർവ്വഹണത്തിൽ ഉൾപ്പെടെയുള്ള മറ്റെല്ലാ ജീവനക്കാർക്കും വാക്സിൻ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുന്നത് മായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനായി ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങൾ യോഗം ചേർന്നിരുന്നു. ഇതിലാണ് അധ്യാപകരെയും മറ്റ് സ്കൂൾ ജീവനക്കാരെയും വാക്സിനേഷനുള്ള മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
വാക്സിനേഷൻ നൽകേണ്ട അധ്യാപകരുടെയും ജീവനക്കാരുടെയും പേരുകൾ അടങ്ങിയ പട്ടിക ആരോഗ്യ മന്ത്രാലയത്തിന് കൈമാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടർ സെക്രട്ടറി ഫൈസൽ അൽ മക്സിദ് പറഞ്ഞു.
കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞ മാർച്ച് 12 മുതൽ ആയിരുന്നു കുവൈത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചത്. എന്നാൽ കഴിഞ്ഞ ഡിസംബർ 20 മുതൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്.