വൈറലായ തെരഞ്ഞെടുപ്പ് ഗാനം; കല കുവൈറ്റ് പ്രവർത്തകരെ അഭിനന്ദിച്ച് എം.വി. ഗോവിന്ദൻ മാസ്റ്റർ

0
53

കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയയിൽ വൈറലായ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച കല കുവൈറ്റ് പ്രവർത്തകരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ അഭിനന്ദിച്ചു. ഓൺലൈൻ മീറ്റിംഗിലൂടെയാണ് അദ്ദേഹം അണിയറ പ്രവർത്തകരുമായി സംവദിച്ചത്.  തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പുതുപുത്തൻ ശൈലികൾ പരീക്ഷിക്കുന്നതിന്റെ ഭാഗമായി കല കുവൈറ്റ് നിർമ്മിച്ച ഈ ഗാനം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് ജനശ്രദ്ധയാകർഷിച്ചത്. രാഷ്ട്രീയ ആശയങ്ങളെ ലളിതമായും എന്നാൽ ഗൗരവത്തോടെയും ജനങ്ങളിലേക്ക് എത്തിക്കാൻ ഇത്തരത്തിലുള്ള സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസലോകത്തുനിന്നുള്ള ഈ പിന്തുണ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൺലൈൻ മീറ്റിംഗിൽ ഗാനത്തിന്റെ രചന, സംഗീതം, ദൃശ്യാവിഷ്കാരം എന്നിവ നിർവ്വഹിച്ച കലാകാരന്മാരും കല കുവൈറ്റ് പ്രതിനിധികളും പങ്കെടുത്തു. പ്രവാസി സമൂഹത്തിന്റെ സജീവമായ രാഷ്ട്രീയ ഇടപെടലിനുള്ള അംഗീകാരമാണിതെന്ന് ഭാരവാഹികൾ പറഞ്ഞു.