കോഴിക്കോട് :ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് പിന്തുണയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പിപി ദിവ്യ. കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോൾ കൂടെ നിൽക്കുക എന്നത് ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണെന്നും പിപി ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ച ദുരന്തം അത്യന്തം വേദനാജനകമാണ്. ബിന്ദുവിന്റയും കുടുംബത്തിന്റെയും സംരക്ഷണം സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു.വലതു മാധ്യമങ്ങൾക്ക് റേറ്റിങ്ങിനുള്ള ഒരു ഇര മാത്രമാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജെന്നും ഇടതു ഭരണത്തിന്റെ തുടർച്ചയിൽ അധികാരം, ചെങ്കോൽ ഇനിയും കിട്ടില്ലെന്ന തിരിച്ചറിവിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന കോപ്രായങ്ങൾ ജനം പുച്ഛത്തോടെ തള്ളികളഞ്ഞു കഴിഞ്ഞെന്നും ദിവ്യ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ചാണ്ടി ഉമ്മൻ എംഎൽഎയെയും ദിവ്യ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.ചാണ്ടി ഉമ്മന്റെ അഭിനയത്തിന് ഓസ്‌കാർ എങ്കിലും കൊടുക്കേണ്ടതാണെന്നും കെട്ടിടം തകർന്നു വീണു എന്ന് കേട്ടപ്പാടെ മാധ്യമങ്ങൾക് മുന്നിൽ നടത്തിയ ചാണ്ടി ഷോ അൽപ സമയം നിർത്തി വെച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പാടില്ലായിരുന്നോ എന്നും പിപി ദിവ്യ ചോദിച്ചു.