ഇന്ത്യൻ എഞ്ചിനീയർമ്മാർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത്‌ പരിഹരിക്കാൻ ശ്രമിക്കുമെന്ന് വി.മുരളീധരൻ

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ സർട്ടിഫിക്കേറ്റ്‌ അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട്‌ ഇന്ത്യൻ എഞ്ചിനീയർമ്മാർ നേരിടുന്ന പ്രശ്നങ്ങൾ കുവൈത്ത്‌ അധികാരികളുമായി ചർച്ച ചെയ്ത്‌ പരിഹരിക്കാൻ ശ്രമിക്കുമെന്ന് വിദേശ കാര്യ സഹമന്തി വി.മുരളീധരൻ വ്യക്തമാക്കി. സാൽമിയ മില്ലേനിയം ഹോട്ടലിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.ഇന്ന് കാലത്ത്‌ കുവൈത്തിൽ എത്തിയ അദ്ധേഹം ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അഭയ കേന്ദ്രം സന്ദർശ്ശിച്ചു അന്തേവാസികളിൽ നിന്നും പരാതികൾ കേട്ടു.കേമ്പിലെ അന്തേവാസികളായ 10 സ്ത്രീകളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ടിങ്ങിന്റെ ഭാഗമായുള്ള എമിഗ്രേഷൻ നടപടികൾ കർശ്ശനമാക്കും. കേരളത്തിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റും നർസ്സിംഗ്‌ റിക്രൂട്ട്‌മന്റും സർക്കാർ സംവിധാനത്തിലൂടെ മാത്രമായി നിയന്ത്രിക്കുമെന്നും മന്ത്രി അറിയിച്ചു. പരിപാടിയിൽ മുക്കാൽ മണിക്കൂറോളം ഇന്ത്യൻ സമൂഹവുമായി സംവദിച്ച മന്ത്രി മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിവരിക്കുവാനാണു ഭൂരി ഭാഗം സമയവും ചിലവഴിച്ചത്‌.നാളെ കുവൈത്ത്‌ വിദേശകാര്യ മന്ത്രി അടക്കമുള്ള നിരവധി പേരുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്ന അദ്ധേഹം നാളെ വൈകീട്ട്‌ കുവൈത്തിൽ നിന്ന് തിരിച്ച്‌ പോകും

 

-ismail payyoli-