കുവൈറ്റ്: കാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് ഏറെ പേരുകേട്ട രാജ്യമാണ് കുവൈറ്റും ഇവിടുത്തെ അമീറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കുവൈറ്റും അമീർ സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹും ചെയ്യുന്ന കാരുണ്യ-മനുഷ്യാവകാശ പ്രവര്‍ത്തനങ്ങൾ ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇക്കഴിഞ്ഞയാഴ്ച കുവൈറ്റിൻറെ കാരുണ്യമെത്തിയത് സംഘർഷ ഭൂമിയായ ഇറാഖിലും ബംഗ്ലാദേശിലെ റോഹിംഹ്യൻ അഭയാർഥി ക്യാംപുകളിലുമാണ്.
ആഭ്യന്തര കലാപങ്ങളിൽ തകര്‍ന്ന് ഇറാഖിലെ മൊസൂളില്‍ ഒരു സ്കൂൾ പണിത് നൽകിയതിന് പുറമെ വിവിധ കേന്ദ്രങ്ങളിലായി 120 ടൺ ഭക്ഷ്യവസ്തുക്കളാണ് കുവൈത്ത് രാജ്യാന്തര ഇസ്‌ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ എത്തിച്ചത്.ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാർഥി ക്യാംപുകളില്‍ കുവൈത്ത് ഹ്യുമാനിറ്റേറിയൻ റിലീഫ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് അവശ്യ സാധനങ്ങളെത്തിച്ചത്. മെഡിക്കൽ കിറ്റുകളും ശൈത്യകാല വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കൾ ഇവിടെ എത്തിച്ചതായി സൊസൈറ്റി ഡയറക്ടർ ജനറൽ ഖാലിദ് അൽ ശംറിയാണ് അറിയിച്ചത്.