കുഞ്ഞുങ്ങൾ കെട്ടിടങ്ങളിൽ നിന്ന് വീണ് അപകടം: ബോധവത്കരണവുമായി ഷാർജ പൊലീസ്

ഷാർജ: കുഞ്ഞുങ്ങൾ കെട്ടിടങ്ങളിൽ നിന്നും ബാൽക്കണിയിൽ നിന്നും വീണുള്ള അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ബോധവത്കരണ പരിപാടികൾ ശക്തമാക്കി ഷാർജ പൊലീസ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പതിനഞ്ച് കുട്ടികളാണ് ഇത്തരത്തിൽ അപകടത്തിൽപെട്ട് ജീവൻ വെടിഞ്ഞത്. ഇക്കഴിഞ്ഞ ആഴ്ചയും ഒന്നര വയസുള്ള കുട്ടി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ച റിപ്പോർട്ടെത്തിയിരുന്നു. ആ സാഹചര്യത്തിലാണ് പൊലീസ് ഊർജിത ബോധവത്കരണത്തിനിറങ്ങുന്നത്.

വീടുകളിൽ ഉറപ്പാക്കേണ്ട സുരക്ഷയെക്കുറിച്ച് രക്ഷകർത്താക്കളെ ബോധവത്കരിക്കുകയാണ് ഈ ക്യാംപെയ്ന്റെ പ്രധാന ലക്ഷ്യം. ഷാർജ പ്രിവൻഷൻ ആൻഡ് സേഫ്റ്റി അതോറിറ്റി (എസ്പിഎസ്എ), ചൈൽഡ് സേഫ്റ്റി ഡിപാർട്മെന്റ് (സിഎസ്ഡി), വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി ബഹുനില കെട്ടിടങ്ങളിൽ പരിശോധന നടത്തി സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തും. ജനാലകൾ സുരക്ഷിതമാണോയെന്നും ബാൽക്കണികളിൽ സുരക്ഷാ ഗ്രില്ലുകൾ ഘടിപ്പിച്ചിട്ടുണ്ടോയെന്നും നോക്കും. സന്നദ്ധ സംഘടനകളുടെ കൂടി സഹകരണം തേടിയാകും ബോധവത്കരണ പരിപാടികൾ ആരംഭിക്കുക.