യുഎഇയിൽ മലയാളി യുവതിയുടെ കൊലപാതകം: വിചാരണ ആരംഭിച്ചു

ദുബായ്: യുഎഇയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ വിചാരണ ആരംഭിച്ചു. യുവതിയുടെ ഭർത്താവ് പ്രതിസ്ഥാനത്തായ കേസിന്റെ വിചാരണ ദുബായ് കോടതിയിലാണ് ആരംഭിച്ചത്. കൊല്ലം തിരുമുല്ലാവാരം സ്വദേശിയായ വിദ്യ (40)യെ കഴിഞ്ഞ സെപ്റ്റംബർ 9 നാണ് താമസിച്ചിരുന്ന മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. താനാണ് വിദ്യയെ കൊന്നതെന്ന് ഭർത്താവായ യുഗേഷ് കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മൊഴി.

വിദ്യയും ഭര്‍ത്താവും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നുയ സംശയരോഗിയായ യുഗേഷിന്റെ പീഡനം സഹിക്കവയ്യാതെ വിദ്യ നാട്ടിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. മരിക്കുന്നതിന് ഒരുവർഷം മുമ്പാണ് ദുബായിലെ അൽഖൂസിലെ ഒരു സ്വകാര്യ കമ്പനിയിൽ വിദ്യ ജോലിയില്‍ പ്രവേശിച്ചത്. ഇവരുടെ പേരിൽ ഭർത്താവ് ബാങ്കിൽ നിന്നെടുത്ത പത്ത് ലക്ഷം രൂപയുടെ വായ്പാ ബാധ്യത തിരികെ അടക്കാനായിരുന്നു ഇത്.

ഇതിനിടെ സന്ദര്‍ശക വിസയിൽ ദുബായിലെത്തിയ യുഗേഷ് വിദ്യയെ പലതവണ സന്ദർശിക്കുകയും ചെയ്തിരുന്നു. വീട്ടുകാരൊന്നും അറിയാതെ നടന്ന ഈ സന്ദര്‍ശനമാണ് ഒടുവിൽ വിദ്യയുടെ കൊലപാതകത്തിൽ കലാശിച്ചത്.