അമേരിക്കൻ പാർലമെൻറിൽ ട്രംപ് അനുകൂലികളുടെ പ്രതിഷേധം

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍
അമേരിക്കന്‍ പാര്‍ലമെന്‍റിലേക്ക് അതിക്രമിച്ച് കയറി
. പ്രതിഷേധത്തിനിടെ ഒരു സ്ത്രീ വെടിയേറ്റു മരിച്ചതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കാന്‍ യുഎസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും ചേരുന്നതിനിടെയാണ് ട്രംപ് അനുകൂലികളുടെ ആക്രമണം ഉണ്ടായത്.

കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷ വലയം ഭേദിച്ച് അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികലികളാണ് പാര്‍ലമെന്‍റിന് അകത്തേക്ക് കടന്നത്. പൊലീസുകാരുമായി ഉന്തുംതള്ളലും ആരംഭിച്ച പ്രതിഷേധക്കാര്‍ ആദ്യം ബാരിക്കേഡുകള്‍ തകര്‍ത്തു. പാര്‍ലമെന്‍റിന്‍റെ കവാടങ്ങള്‍ ഉടന്‍ തന്നെ അടച്ചു പൂട്ടിയെങ്കിലും പ്രതിഷേധക്കാര്‍ അകത്തേക്ക് കടക്കുന്നത് തടയാന്‍ സാധിച്ചില്ല.

അമേരിക്കന്‍ പാര്‍ലമെന്‍റ് മന്ദിരത്തിന് നേരെ ട്രംപ് അനകൂലികളുടെ ആക്രമണം നടന്നതിന് പിന്നാലെ ട്രംപിൻ്റെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചു. ഗുരുതരമായ നയലംഘനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്കാണ് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തത്. ഇത്തരം നയലംഘനങ്ങള്‍ തുടര്‍ന്നും ഉണ്ടായാല്‍ അക്കൗണ്ട് സ്ഥിരമായി റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പും ട്വിറ്റര്‍ നല്‍കി. ഫേസ്ബുക്കും ട്രംപിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

അതേസമയം ട്രംപ് അനുകൂലികളുടെ നടപടി രാജ്യത്തിന് തന്നെ നാണക്കേടായെന്ന് മുൻ പ്രസിഡൻറ് ഒബാമ പറഞ്ഞു. എന്നാൽ കലാപം ആകസ്മികമായിരുന്നില്ലെന്നും നിയമപരമായ തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് അടിസ്ഥാനരഹിതമായി നുണ പറയുന്ന ട്രംപാണ് കലാപത്തിന് പ്രേരിപ്പിച്ചതെന്നും ഒബാമ പറഞ്ഞു.