അധ്യാപകരായി 387 വിദ്യാർഥികൾ; ICSK സീനിയറിൽ സെൽഫ് ഗവേണൻസ് ഡേ

0
11

കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ (ICSK) സീനിയറിൽ സെൽഫ് ഗവേണൻസ് ഡേ ആചരിച്ചു. സെപ്റ്റംബർ 21ന് നടന്ന പരിപാടിയിൽ ക്ലാസ് 12ലെ 387 വിദ്യാർഥികൾ അധ്യാപകരുടെ ചുമതല ഏറ്റെടുത്തു. അധ്യാപകരുടെ ഉത്തരവാദിത്വങ്ങളും സമർപ്പണവും നേരിട്ട് മനസിലാക്കുന്നതിനുള്ള അവസരമായിരുന്നു പരിപാടി. സ്കൂൾ സെനറ്റ് അഡ്വൈസർ ജെഷ അലക്സിന്റെ നേതൃത്വത്തിൽ ഹെഡ് ബോയ് ഹെവൻ സാം ഷൈനും ഹെഡ് ഗേൾ പുണ്യ പ്രജീഷും ഉൾപ്പെടെയുള്ള സ്കൂൾ സെനറ്റാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

വിദ്യാർഥികൾ അവതരിപ്പിച്ച പ്രത്യേക പ്രഭാത അസംബ്ലിയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഖുർആൻ പാരായണം, സ്കൂൾ പ്രാർഥന, കുവൈത്ത് ദേശീയപതാക ഉയർത്തൽ, ദേശീയഗാനം എന്നിവയ്ക്കു പിന്നാലെ നൃത്തം, സ്കിറ്റ്, ഫാഷൻ ഷോ, ഗാനാലാപനം, ബാൻഡ് പ്രകടനം തുടങ്ങിയവയും അരങ്ങേറി. ഐസിഎസ്കെ പ്രിൻസിപ്പലും സീനിയർ അഡ്മിനിസ്ട്രേറ്ററുമായ ഡോ. വി. ബിനുമോൻ വിദ്യാർഥികളുടെ പ്രകടനത്തെ അഭിനന്ദിച്ചു.

ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ ആത്മാർഥതയോടെയും ആത്മവിശ്വാസത്തോടെയും നിർവഹിക്കണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. ക്ലാസ് 12ലെ 387 വിദ്യാർഥികളാണ് വിവിധ ക്ലാസുകളിൽ അധ്യാപകരായി എത്തിയത്. വിഷയാധ്യാപകരുടെ മാർഗനിർദേശത്തോടെ തയ്യാറാക്കിയ പാഠപദ്ധതികളുമായാണ് വിദ്യാർഥികൾ ക്ലാസുകളിലെത്തിയത്. മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥി അധ്യാപകനെ തിരഞ്ഞെടുക്കുന്നതിനായി ‘ബെസ്റ്റ് സ്റ്റുഡന്റ് ടീച്ചർ’ പുരസ്കാരവും ഏർപ്പെടുത്തി.