അഴിമതിക്കേസിൽ 4 യൂറോപ്യൻ വംശജർക്ക് ജീവപര്യന്തം തടവ്

കുവൈത്ത് സിറ്റി: പൊതുപണം ദുരുപയോഗം ചെയ്ത കേസിൽ നാല് യൂറോപ്യൻ വംശജർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ക്രിമിനൽ കോടതി ജഡ്ജി അബ്ദുല്ല അൽ ഒസായിമിയാണ് വിധി പുറപ്പെടുവിച്ചത്. പ്രതികൾ 11 ദശലക്ഷം പൗണ്ടിൻ്റെ വെട്ടിപ്പാണ് നടത്തിയത്. ഇതിൻ്റെ രണ്ടിരട്ടി പ്രതികൾക്ക് പിഴയും വിധിച്ചിട്ടുണ്ട്. ലണ്ടനിലെ കുവൈത്ത് ആരോഗ്യ വിഭാഗം ഓഫീസിൽ കാലങ്ങളായി തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി. പൊതു പണം സസൂക്ഷ്മം കൈകാര്യം ചെയ്യേണ്ടതിൻ്റെ ആവശ്യകതയാണ് ഈ വിധിന്യായം മുന്നോട്ടുവയ്ക്കുന്നത്.