ഭരണത്തുടർച്ച ലക്ഷ്യമിട്ട് പിണറായി സർക്കാരിൻ്റെ ജനപ്രിയ ബജറ്റ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് സർവമേഖലകളെയും സ്പർശിച്ച് വികസന മുന്നേറ്റത്തിന് ഊന്നല്‍ നല്‍കി പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ അവസാന ബജറ്റ്.

കൊവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തോമസ് ഐസക് മുഖപ്രസംഗത്തിൽ വ്യക്തമാക്കി. ഇതിന് പുറമേയാണ് നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കുളള സഹായം. ഭക്ഷ്യ സബ്‌സിഡിക്കായി 1060 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

അഞ്ചര കോടി ഭക്ഷ്യ കിറ്റുകള്‍ ആണ് ഇതുവരെ വിതരണം ചെയ്തത്. വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ വിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്തി. ഓണക്കാലത്ത് ഇത് വിപണിയില്‍ പ്രകടമായതായും ധനമന്ത്രി പറഞ്ഞു.

എല്ലാവിധ ക്ഷേമ പെന്‍ഷനുകളും 100 രൂപ വീതം വര്‍ധിപ്പിച്ചു. ഏപ്രില്‍ മുതല്‍ ആനുകൂല്യം ലഭ്യമാവും. ഇതോടെ എല്ലാവര്‍ക്കും മാസം 1600 രൂപ പെന്‍ഷനായി ലഭിക്കും. കഴിഞ്ഞ മാസം ക്ഷേമ പെന്‍ഷന്‍ 1400 രൂപയില്‍ നിന്നും 1500 രൂപയായി ഉയര്‍ത്തിയിരുന്നു. 2016 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ ഏല്‍ക്കുമ്പോള്‍ 600 രൂപയുണ്ടായിരുന്ന പെന്‍ഷനാണ് അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 1600 രൂപയായി വര്‍ധിപ്പിച്ചത്

തൊഴില്‍ മേഖലയിലും വിദ്യഭ്യാസ മേഖലയിലും വമ്പന്‍ പ്രഖ്യാപനങ്ങളാണ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ ഉള്ളത്. സര്‍ക്കാര്‍ അമ്പതിനായിരം രൂപ മുതല്‍ മൂടക്കില്‍ മൂന്ന് വമ്പന്‍ വ്യവസായ ഇടനാഴികകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അഞ്ചു വര്‍ഷം കൊണ്ട് സമൂഹത്തിലെ അതിദരിദ്രരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുമെന്നും മന്ത്രി പറഞ്ഞു. ആശ്രയ അടക്കം വിവിധ പദ്ധതികളില്‍ ആയാണ് ഏഴായിരം കോടി രൂപ ചെലവഴിക്കുക. ആശ്രയ പദ്ധതിക്കായി മാത്രം ആയിരം കോടി രൂപ അധികം അനുവദിച്ചു.