ശറഫുദ്ദീൻ കണ്ണേത്ത് പുറത്തേക്ക്…കെ.എം.സി.സി പിളർപ്പിലേക്ക്..

0
233

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സിയിൽ കഴിഞ്ഞ കുറച്ചു നാളുകളായി നിലനിന്നിരുന്ന സംഘർഷങ്ങൾക്കൊടുവിൽ കെ.എം.സി.സിയുടെ നിലവിലുള്ള ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായിരുന്ന ശറഫുദ്ദീൻ കണ്ണേത്തിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. കൂടാതെ,കുവൈത്ത് കെ.എം.സി.സി അംഗങ്ങളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ഷാഫി കൊല്ലം, നിഷാൻ അബ്ദുല്ല, ഫുവാദ് സുലൈമാൻ, റസാഖ് മണ്ണൻ, ഫൈസൽ കടമേരി, ശുവൈബ് ചെമ്പിലൊട്, അബ്ദുൽ ഖാദർ തൈക്കാട്, അയ്യൂബ് പുതുപ്പറമ്പ് എന്നീ പത്തോളം പേർക്കെതിരെയും പാർട്ടി നടപടി കൈക്കൊണ്ടു. കെ.എം.സി.സിയിൽ നിലനിന്നിരുന്ന രൂക്ഷമായ ഭിന്നത പരിഹരിക്കാനായി മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കുവൈത്തിന്റെ സംഘടന ചുമതലയുള്ള അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവർ കുവൈത്തിലെത്തിയിരുന്നു. എന്നാൽ, ഇവർ പങ്കെടുത്ത യോഗത്തിൽ അപമര്യാദയായി പെരുമാറുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് നടപടി. ഇതോടെ ശറഫുദ്ദീൻ കണ്ണേത്തിൻ്റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണ് മറുവിഭാഗം.
നിലവിലെ കുവൈത്ത് കെ.എം.സി.സി പ്രസിഡൻ്റ് നാസർ മഷൂർ തങ്ങളുടെയും ശറഫുദ്ദീൻ കണ്ണേത്തിൻ്റെയും നേതൃത്വത്തിൽ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് കഴിഞ്ഞ കുറേ നാളുകളായി പരസ്പരം പോരാടുകയായിരുന്നു.മുസ്‍ലിം ലീഗ് സംസ്ഥാന നേതൃത്വം നിരവധി തവണ യോജിപ്പുകൾക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതേതുടർന്നാണ് പ്രസിഡൻ്റായിരുന്ന ശറഫുദ്ദീൻ കണ്ണേത്തിനെ ജനറൽ സെക്രട്ടറിയായും ചെയർമാനായിരുന്ന നാസർ മഷൂർ തങ്ങളിനെ പ്രസിഡൻ്റായും നിയമിക്കുന്നത്. എന്നാൽ, ഇത് പാർട്ടിയിൽ കൂടുതൽ ഭിന്നതകൾക്ക് വഴിവെക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കെ.എം.സി.സി കോഴിക്കോട് ജില്ല കൗൺസിൽ യോഗം കൈയാങ്കളിയിലായിരുന്നു അവസാനിച്ചത്. മുസ്ലിം ലീഗ് പാർട്ടിയുടെ യശസ്സിന് കളങ്കം സൃഷ്ടിച്ച് അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പി.എം.എ സലാം കഴിഞ്ഞ ദിവസം കുവൈത്തിൽ പറഞ്ഞിരുന്നു.