കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദിൽ പ്രവർത്തിച്ചിരുന്ന വൻകിട അനധികൃത മദ്യനിർമ്മാണ കേന്ദ്രം കണ്ടെത്തി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് മദ്യ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കുവൈത്ത് പൊലീസ് നടത്തി വരുന്ന കർശനമായ സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് ഈ നടപടി.കബ്ദിലെ ഒരു വിശ്രമ കേന്ദ്രത്തിനുള്ളിലാണ് രഹസ്യമായി മദ്യനിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
വിൽപ്പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന വൻതോതിലുള്ള മദ്യക്കുപ്പികൾ, മദ്യം നിറയ്ക്കാനുള്ള കാലിക്കുപ്പികൾ, ലേബലുകൾ, ഫില്ലിംഗ് മെഷീനുകൾ, മദ്യനിർമ്മാണത്തിന് ഉപയോഗിക്കുന്ന വിദേശ നിർമ്മിത യന്ത്രങ്ങളും മറ്റ് ആധുനിക ഉപകരണങ്ങളും പിടിച്ചെടുത്തു.വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ് മദ്യമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ലേബലുകൾ പതിച്ച് പ്രാദേശികമായി നിർമ്മിച്ച മദ്യം വിൽക്കാനായിരുന്നു ഇവരുടെ നീക്കം. ഒറിജിനൽ കുപ്പികളോട് സാമ്യമുള്ള വിധത്തിലാണ് തയ്യാറാക്കിയിരുന്നത്. ഇവരെയും പിടിച്ചെടുത്ത സാധനങ്ങളും കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും.































