കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ ഗാർഡിന്റെ ഒരു കേന്ദ്രത്തെ ലക്ഷ്യമാക്കി ഡ്രോണുകൾ ആക്രമണം നടത്തിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ വലിയ വസ്തു നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ ഗാർഡിന്റെ വക്താവും മൊറൽ ഗൈഡൻസ് ഡയറക്ടറുമായ ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫദൽ, സംഭവത്തിന് പിന്നാലെ സുരക്ഷാ-ഫീൽഡ് നടപടികൾ ഉടൻ ആരംഭിച്ചതായി വ്യക്തമാക്കി. ബന്ധപ്പെട്ട വിഭാഗങ്ങൾ അതിവേഗം ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കിയതായും അദ്ദേഹം അറിയിച്ചു.
രാജ്യത്തിന്റെ പ്രധാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനായി നാഷണൽ ഗാർഡ് സേന പൂർണ സജ്ജമാണെന്നും അവരുടെ ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കുന്നതിൽ തുടർച്ചയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സേന, സൈന്യം, പൊലീസ്, ജനറൽ ഫയർഫോഴ്‌സ് എന്നിവയുമായി സഹകരിച്ച് ഉയർന്ന ജാഗ്രതയിലാണ് പ്രവർത്തിക്കുന്നതെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന ഏതൊരു ഭീഷണിയെയും ശക്തമായി നേരിടാൻ തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അറിയിച്ചു. അതേസമയം, ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂ എന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നാഷണൽ ഗാർഡ് ജനങ്ങളോട് അഭ്യർത്ഥിച്ചു.






























