ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ

0
12

കുവൈത്ത് സിറ്റി : ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാളെന്ന് ഈദ് സന്ദേശത്തിലൂടെ ഐ.ഐ.സി ഖത്തീബുമാർ വിശദീകരിച്ചു. പാവപ്പെട്ടവരെയും വരുംതലമുറകളെയും ചേർത്തുപിടിച്ചുകൊണ്ട്, ജാതിമതഭേദമന്യേ മനുഷ്യർ തമ്മിലുള്ള സാഹോദര്യം ദൃഢമാക്കാൻ ഈ പുണ്യദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. കേവലം ഒരു ആഘോഷം എന്നതിനപ്പുറം, ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടത്തിലും ദൈവമാർഗ്ഗത്തിൽ സർവ്വസ്വവും ത്യാഗം ചെയ്യാൻ മനുഷ്യൻ തയ്യാറാകണമെന്ന വലിയൊരു തത്ത്വം ബക്രീദ് മുന്നോട്ട് വെയ്ക്കുന്നതെന്ന് ഖത്തീബുമാർ സൂചിപ്പിച്ചു. കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന് കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ സാൽമിയ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് അൽ വുഐബിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് അബ്ദുന്നാസർ മുട്ടിൽ നേതൃത്വം നൽകി. മങ്കഫിലെ മസ്ജിദ് ഫാത്തിമ്മ അൽ അജ്മിയിൽ അബ്ദുൽ അസീസ് സലഫിയും മഹ്ബൂല ഓൾഡ് എൻ.എസ്.സി ക്യാമ്പ് മസ്ജിദിൽ മുഹമ്മദ് ഷാനിബും പെരുന്നാൾ നമസ്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. ഈദ് സന്ദേശ ലഘുലേഖയും മധുരവും വിതരണം ചെയ്തു.