കുവൈത്ത് സിറ്റി : യൂറോപ്യൻ രാജ്യത്ത് നിന്ന് കുവൈത്തിലേക്ക് എത്തിയ ചരക്കുകളിൽ ഒളിപ്പിച്ച നിലയിൽ ലഹരിവസ്തു കടത്താൻ നടത്തിയ ശ്രമം എയർ കാർഗോ കസ്റ്റംസ് വകുപ്പ് തടഞ്ഞു. മുടിയെണ്ണയും സ്പെയർ പാർട്സും എന്ന പേരിൽ എത്തിയ മൂന്ന് ചരക്കുകളാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. പരിശോധനയിൽ ഏകദേശം അഞ്ച് കിലോഗ്രാം ഭാരമുള്ള ലഹരിവസ്തുവെന്ന് സംശയിക്കുന്ന ദ്രാവക രാസപദാർഥം കണ്ടെത്തി.
കസ്റ്റംസ് പരിശോധന ഒഴിവാക്കാൻ സാധനം രഹസ്യമായി ഒളിപ്പിച്ചിരുന്നതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കേസ് തുടർ അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.































